ഇസ്രയേലില്‍ അല്‍ ജസീറ ചാനല്‍ പൂട്ടുമെന്ന് നെതന്യാഹു മന്ത്രിസഭ; ചാനൽ സംപ്രേഷണം അവസാനിപ്പിച്ചു

ഇസ്രയേലില്‍ അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച് നെതന്യാഹു സര്‍ക്കാര്‍. മന്ത്രിസഭ ഇക്കാര്യത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതികള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ തീരുമാനിച്ചത്. തീരുമാനം വന്ന് ഉടൻ ചാനല്‍ ഇസ്രയേലിലെ സംപ്രേഷണം അവസാനിപ്പിച്ചു.

ഗാസയില്‍ മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ ബ്രോഡ്കാസ്റ്ററുകള്‍ ഇസ്രയേലില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ അനുവദിക്കുന്ന നിയമം ഇസ്രയേല്‍ പാര്‍ലമെന്‌റ് പാസാക്കിയതിന് പിന്നാലെയാണ് ഇന്ന് മന്ത്രിസഭ വോട്ടെടുപ്പ് നടന്നത്.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നെതന്യാഹു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ”അല്‍ ജസീറ അടച്ചു പൂട്ടാന്‍ എന്‌റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏകകണ്ഠമായി തീരുമാനിച്ചിരിക്കുന്നു”, ഹീബ്രുഭാഷയില്‍ നെതന്യാഹു കുറിച്ചു. അല്‍ ജസീറയ്ക്ക് എതിരായ ഉത്തരവില്‍ ഒപ്പുവച്ചതായും ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഇസ്രയേല്‍ വാര്‍ത്താവിനിമയ മന്ത്രി ഷ്‌ലോമോ കര്‍ഹിയും അറിയിച്ചു. ചാനലിന്‌റെ ഉള്ളടക്കം കൈമാറാന്‍ ഉപയോഗിക്കുന്ന പ്രക്ഷേപണ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടതായും കാര്‍ഹി അറിയിച്ചു.

ഹമാസുമായി ചേര്‍ന്ന് തങ്ങള്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നവരാണ് അല്‍ ജസീറ എന്നാണ് ഇസ്രയേല്‍ നിരന്തരം ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അല്‍ ജസീറ ആവര്‍ത്തിച്ച് നിരസിച്ചിട്ടുണ്ട്.

യുദ്ധത്തിലുടനീളം ഗാസയില്‍ തുടരുന്ന വ്യോമാക്രമണത്തിന്‌റെയും പരുക്കേറ്റവരാല്‍ തിങ്ങി നിറഞ്ഞ ആശുപത്രികളുടെയും രക്തരൂക്ഷിതമായ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചുരുക്കം ചില അന്താരാഷ്ട്ര മാധ്യമങ്ങളിലൊന്നാണ് അല്‍ ജസീറ.

AL Jazeera Stopped broadcasting from Israel