പാനൂര്‍ ബോംബ് സ്‌ഫോടനം: മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തി; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കളെത്തി. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ.അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. എംഎൽഎ കെ.പി.മോഹനനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്, പ്രമുഖ പ്രാദേശിക നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്. അതേസമയം, എംഎൽഎ എന്ന നിലയിലാണ് വീട്ടിൽ പോയതെന്ന് കെ.പി.മോഹനൻ പറയുന്നു.

അതേസമയം സംഭവത്തിൽ രണ്ട് പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തു. സ്‌ഫോടനത്തിന് ശേഷം ബോംബുകള്‍ സ്ഥലത്തുനിന്നു മാറ്റിയ അമല്‍ ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്‍ലാലിനെ സഹായിച്ചത് അമല്‍ ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സ്ഫോടനത്തി പരുക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് വ്യക്തമല്ല. ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില്‍ മുഖത്ത് ഗുരുതരമായി പരുക്കേറ്റാണ് ഷെറില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീഷ്, വിനോദ്‌, അശ്വന്ത്, എന്നിവർ ആശുപത്രിയിൽ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് അതുൽ, അരുൺ, ഷിബിൻലാൽ, സായൂജ് എന്നിവരാണ് പിടിയിലായത്.

Also Read