
കൊച്ചി: ആലുവയിൽ ഏഴുവയസ്സുകാരനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാറിനെയും ഉടമസ്ഥയെയും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ആലുവ സ്വദേശി രജനി, ഇവരുടെ ബന്ധു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിൽ കാർ കയറിയത്. അപകടത്തിൽ കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ പോയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടും ഇൻസ്പെക്ടര്‍ക്ക് രേഖാമൂലം പരാതി നൽകാനാണ് പൊലീസ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്. പൊലീസ് അലംഭാവം വാർത്തയായതിന് പിന്നാലെ പൊലീസ് കുട്ടിയുടെ അച്ഛന്‍റെ മൊഴി രേഖപ്പെടുത്തുകയും കാറിനായി അന്വേഷണം തുടങ്ങുകയും ചെയ്തു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാറും ഉടമസ്ഥയായ രജനിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് ബന്ധുവാണ് കാര്‍ ഓടിച്ചതെന്ന് ഇവര്‍ പറഞ്ഞതിനെ തുടർന്ന് ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് പിടിയിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി കാറിനടിയില്‍പെട്ടത് അറിഞ്ഞില്ലെന്നാണ് ഇവർ മൊഴി നൽകിയത്. ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെ അച്ഛൻ പ്രജിത്ത് ഓടിച്ച ഓട്ടോയില്‍ നിന്നാണ് ഏഴ് വയസുകാരൻ മകൻ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീണത്. പിന്നാലെയെത്തിയ കാർ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
Police took custody car owner and driver on hit and run case in Aluva












