
മുംബൈ: ഹമാസ് അനുകൂല പോസ്റ്റുകള്‍ പങ്കുവെച്ചെന്ന് ആരോപിച്ച് മുംബൈയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പുറത്താക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള പര്‍വീണ്‍ ഷെയ്‌ഖെന്ന പ്രിന്‍സിപ്പലിന്റെ പോസ്റ്റുകളുടെ പേരിലാണ് സോമയ്യ സ്‌കൂള്‍ മാനേജ്‌മെന്റ് അവരെ പുറത്താക്കിയത്.
പര്‍വീണ്‍ ഷെയ്ഖ് പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇത് ചര്‍ച്ചയാകുകയും പലരും എതിര്‍പ്പുകള്‍ അറിയിക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയില്‍, സോമയ്യ വിദ്യാവിഹാര്‍ മാനേജ്‌മെന്റ്
പ്രിന്‍സിപ്പലിനെ പുറത്താക്കിയെന്നും അവരുടെ സ്വകാര്യ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണെന്ന് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നമ്മുടെ കുട്ടികളുടെ മതിപ്പുളവാക്കുന്ന മനസ്സിനെ സംരക്ഷിക്കേണ്ടത് നിര്‍ണായകമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഒപ്പം സമഗ്രതയുടെയും ഉള്‍ക്കൊള്ളലിന്റെയും ഉയര്‍ന്ന നിലവാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പരിതസ്ഥിതിയില്‍ അവര്‍ വളരുന്നുവെന്ന് ഉറപ്പാക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പര്‍വീണ്‍ പറയുന്നത്.
പലസ്തീന്‍ അനുകൂലവും ഹമാസിനോട് അനുഭാവമുള്ളതുമായ പോസ്റ്റുകളില്‍ ഷെയ്ഖിന്റെ എക്സ് ഹാന്‍ഡില്‍ വഴിയുള്ള ലൈക്കുകളും കമന്റുകളും എടുത്തുകാണിച്ചുകൊണ്ട് വെബ് പോര്‍ട്ടലായ OpIndia-യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാനേജ്മെന്റ് ഇവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു.











