‘മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ബഹുമാനം നഷ്ടമായി’; ആന്റണിയുടെ വികാരം അനിലിനൊപ്പമായിരിക്കുമെന്ന് വിശ്വസിക്കുന്നു: രാജ്‌നാഥ്

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ മുൻ പ്രതിരോധ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍.ഡി.എ. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.

എ.കെ.ആന്റണിയോട് വളരെയേറെ ബഹുമാനമുണ്ടായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിക്കുന്ന മകൻ അനില്‍ ആന്റണി തോൽക്കണമെന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പാര്‍ട്ടിയുടെ സമ്മര്‍ദ്ദം കൊണ്ടാകാം അങ്ങമെ പറഞ്ഞത്. മകനുവേണ്ടി വോട്ടു ചോദിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. പക്ഷെ എ.കെ. ആന്റണിയുടെ വികാരം അനില്‍ ആന്റണിക്ക് ഒപ്പമായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭരണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നുവെന്നും ബി.ജെ.പി സർക്കാരിൽ 10 വര്‍ഷമായിട്ടും അഴിമതിയുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് കേരളത്തിലേക്ക് വന്നത്. രാഹുലിന് അമേഠിയിൽ മത്സരിക്കാന്‍ ഭീതിയാണ്. ഒരു സംസ്ഥാനത്തും രാഹുല്‍ ഗാന്ധി വിജയിക്കില്ല. കോണ്‍ഗ്രസും എല്‍.ഡി.എഫും ജനങ്ങളെ കബളിപ്പിക്കുകയും വിഢികളാക്കുകയുമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Rajnath Singh against AK Antony