‘അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദന’, വയനാടിന്‍റെ വേദന കണ്ടുനിൽക്കാനാകുന്നില്ലെന്ന് രാഹുലും പ്രിയങ്കയും

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമെത്തി. ഈ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദനയിലാണ് താനിപ്പോൾ ഉള്ളതെന്നും വിവരിച്ചു. ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്ടമായത്. അന്ന് എനിക്കുണ്ടായതിനേക്കാള്‍ ഭീകരാവസ്ഥയാണ് ഓരോരുത്തര്‍ക്കുമുണ്ടായിരിക്കുന്നത്. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല. ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവരുടെ പുനരധിവാസം ഉള്‍പ്പെടെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം കാണുമ്പോള്‍ അഭിമാനമുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വളണ്ടിയര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍, സൈന്യം, ഭരണകൂടം എല്ലാവര്‍ക്കും നന്ദിയുണ്ട്. എല്ലാവരും ഒറ്റക്കെട്ടായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഇത് തീര്‍ച്ചയായും ദേശീയ ദുരന്തമാണ്. എന്തായാലും സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. രാഷ്ട്രീയകാര്യങ്ങള്‍ സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഇവിടുത്തെ ജനങ്ങള്‍ക്ക് സഹായം ആണ് ആവശ്യം. ഈ സമയം എല്ലാവരും ഒന്നിച്ച് ആഘാതത്തിലുള്ള ആളുകള്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ ലഭിക്കേണ്ടതുണ്ടെന്നും രാഹുൽ വിവരിച്ചു.

സഹോദരന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞത്. അതിദാരുണമായ സംഭവമാണിത്. നമുക്ക് ചിന്തിക്കാവുന്നതേയുള്ള ജനങ്ങളുടെ വിഷമം. എല്ലാവര്‍ക്കും ആവശ്യമായ പിന്തുണ നല്‍കും. എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കാൻ എത്തുന്നു.എല്ലാവര്‍ക്കും സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണം. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് പറയുന്നത്. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.