
ഓട്ടവ : കാനഡയിലെ വിദേശ വിദ്യാർത്ഥികളുടെ പെർമിറ്റുകളുടെ എണ്ണം 35% കുറയ്ക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചു. ഇതോടെ 2024-ൽ അംഗീകൃത സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 3,64,000 ആയി കുറയും. അടുത്ത വർഷത്തെ പരിധി ഈ വർഷം അവസാനത്തോടെ തീരുമാനിക്കുമെന്നും മാർക്ക് മില്ലർ അറിയിച്ചു.
വിദേശ വിദ്യാർത്ഥികളുടെ സ്പൗസിൻ്റെ ഓപ്പൺ വർക്ക് പെർമിറ്റ് നിർത്തലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബിരുദാനന്തര ബിരുദമോ, ഗവേഷണമോ ചെയ്യുന്ന വിദ്യാർത്ഥികളുടെ സ്പൗസിന് മാത്രമായിരിക്കും ഓപ്പൺ വർക്ക് പെർമിറ്റ് ലഭിക്കുക. ഈ തീരുമാനം ഉടൻ നിലവിൽ വരും. രണ്ടു വർഷത്തേക്കാണ് ഈ നിയന്ത്രണം. നിലവിൽ സ്റ്റഡി-വർക്ക് പെർമിറ്റിൽ ഉള്ളവർക്ക് പുതിയ നിയമം ബാധകമായിരിക്കില്ല
കാനഡയിലുടനീളം തുടരുന്ന ഭവനപ്രതിസന്ധിക്ക് പരിഹാരമായി വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് അടുത്തിടെ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യക്കാരെ തന്നെയാണ്. കാനഡയിലെ 40 ശതമാനം വിദേശവിദ്യാർഥികളും ഇന്ത്യക്കാരാണ്. ഇന്ത്യ – കാനഡ നയതന്ത്രബന്ധം മോശമായ സാഹചര്യത്തിൽ ഇപ്പോൾ തന്നെ അത് ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്. അതിനൊപ്പമാണ് കാനഡയുടെ പുതിയ തീരുമാനം.
Student permit for international students in Canada will be reduced by 35%















