കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനുമായിരുന്ന ശ്രീനാരായണ ഗുരുവിന്റെ 170 -ാമത് ജയന്തി ആഘോഷം ഇന്ന്. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വര്‍ക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ തുടങ്ങി. ഇന്നലെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തിയിരുന്നു.
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ രാവിലെ പത്തിന് ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശനും ഉദ്ഘാടനം ചെയ്യും. രാവിലെ പതിനൊന്നിന് ഗുരുപൂജ നടക്കും. ജയന്തി സമ്മേളനം വൈകുന്നേരം ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാവും.
ഉച്ചകഴിഞ്ഞു മൂന്നിനുള്ള ഘോഷയാത്ര മന്ത്രി ജി ആര്‍ അനിലും ഉദ്ഘാടനം ചെയ്യും. വര്‍ക്കല ശിവഗിരി മഠത്തില്‍ രാവിലെ 9.30 നു നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരിക്കും.
ചിങ്ങമാസത്തില്‍ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയ ദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. എന്നാല്‍, ഇത്തവണ ഓണം കഴിഞ്ഞുള്ള ചതയദിനം കന്നി മാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തേയായത്. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വിപുലമായ പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്.
നാണു ആശാന്‍ എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമത്തിലാണ് അദ്ദേഹം സമാധിയായത്.