
രാജ്യത്തെ നടുക്കിയ ബെൻ ഗുരിയോണിന് വിമാനത്താവളത്തിലേക്ക് ഹൂതികൾ നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. യെമനിൽ നിന്നാണ് ആക്രമണമുണ്ടായതെന്ന് സ്ഥിരീകരിച്ചതിനും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തതിനും പിന്നാലെയാണ് ഇസ്രയേലിന്‍റെ പ്രതികരണം. തുടർച്ചയായ ആക്രമണങ്ങൾ നടത്തുമെന്നും ഹൂതികളെ നശിപ്പിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹൂതികൾ ഗാസയിലെ പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതടക്കം ചൂണ്ടികാട്ടിയാണ് നെതന്യാഹുവിന്‍റെ തിരിച്ചടി മുന്നറിയിപ്പ്. ‘ഒറ്റത്തവണ’ ആയിരിക്കില്ല തിരിച്ചടിയെന്നും ആക്രമണത്തിന് മറുപടിയായി തുടർച്ചയായ ‘പ്രഹരങ്ങൾ ഉണ്ടാകുമെന്നും’ നെതന്യാഹു എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ഹൂതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രിയും പ്രഖ്യാപിച്ചു. ഇസ്രായേലിന്‍റെ മിസൈൽ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിമാനത്താവള ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം. മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞു. മണിക്കൂറുകളോളം വിമാനത്താവളം അടച്ചിട്ടുണ്ട്. അൽപം മുമ്പ് സർവീസുകൾ പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.















