
ന്യൂഡല്‍ഹി : ബീഹാറിലെ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യത്തിന്റെ വേദിയില്‍ തന്റെ അമ്മയെ അധിക്ഷേപിച്ചുവെന്ന് കാട്ടിയാണ് മോദിയുടെ വിമര്‍ശനം. പ്രതിപക്ഷം തന്റെ അമ്മയെ മാത്രമല്ല, എല്ലാ അമ്മമാരെയും സഹോദരിമാരെയും പ്രതിപക്ഷം അപമാനിച്ചുവെന്നും അദ്ദേഹം ആരോപണത്തിന്റെ മൂര്‍ച്ച കൂട്ടി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും തന്റെ മരിച്ചുപോയ അമ്മയെ അപമാനിച്ചെന്ന് മോദി ആരോപിച്ചു.
‘ബീഹാറില്‍, ആര്‍ജെഡി-കോണ്‍ഗ്രസ് വേദിയില്‍ നിന്ന് എന്റെ അമ്മയെ അപമാനിച്ച് സംസാരിച്ചു. അവര്‍ ഉപയോഗിച്ച മോശം ഭാഷ എന്റെ അമ്മയെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ അമ്മമാരെയും സഹോദരിമാരെയും അപമാനിച്ചിട്ടുണ്ട്. നിങ്ങള്‍ ഇത് കേട്ടപ്പോള്‍ എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും വേദനയുണ്ടെന്ന് എനിക്കറിയാം,’ – പ്രധാനമന്ത്രി പറഞ്ഞു.
ബീഹാറിലെ വനിതാ സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നതിനായുള്ള പദ്ധതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
തന്റെ പരേതയായ അമ്മ ഹീരാബെന്‍ മോദി തന്നെയും സഹോദരങ്ങളെയും വളര്‍ത്താന്‍ ദാരിദ്ര്യത്തിനെതിരെ പോരാടിയെന്ന് ചൂണ്ടിക്കാട്ടിയ മോദി രാജകുടുംബങ്ങളില്‍ ജനിച്ച രാജകുമാരന്മാര്‍ക്ക് ഒരു പിന്നോക്ക അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകള്‍ മനസ്സിലാകില്ലെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ച് വിമര്‍ശനം തുടര്‍ന്നു.
‘അമ്മ രോഗിയാകുമായിരുന്നു, പക്ഷേ അവര്‍ ജോലി ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ക്ക് വസ്ത്രങ്ങള്‍ക്കായി അവര്‍ ഓരോ പൈസയും ലാഭിക്കുമായിരുന്നു. നമ്മുടെ രാജ്യത്ത് അത്തരം കോടിക്കണക്കിന് അമ്മമാരുണ്ട്. ഒരു അമ്മയുടെ സ്ഥാനം ദേവന്മാരുടെയും ദേവതകളുടെയും സ്ഥാനത്തേക്കാള്‍ ഉയര്‍ന്നതാണ്,’ കോണ്‍ഗ്രസ്-ആര്‍ജെഡി വേദിയില്‍ ഉപയോഗിച്ചിരുന്ന ഭാഷ എന്റെ അമ്മയ്ക്ക് വേണ്ടി മാത്രമല്ല, കോടിക്കണക്കിന് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടിയായിരുന്നു. രാജകുടുംബങ്ങളില്‍ ജനിച്ച രാജകുമാരന്മാര്‍ക്ക് ഒരു പിന്നോക്ക അമ്മയുടെയും മകന്റെയും കഷ്ടപ്പാടുകള്‍ മനസ്സിലാകില്ല. ഈ ആളുകള്‍ വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചവരാണ്. ബീഹാറിലെ അധികാരം അവരുടെ കുടുംബങ്ങളുടേതാണെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു പിന്നോക്ക അമ്മയുടെ മകനെ അനുഗ്രഹിക്കുകയും അവനെ പ്രധാന സേവകനാക്കി മാറ്റുകയും ചെയ്തു. നാംദാര്‍മാര്‍ക്ക് (പ്രതിപക്ഷത്തിലെ രാഷ്ട്രീയ രാജവംശങ്ങളെ ലക്ഷ്യം വയ്ക്കാന്‍ മോദി ഉപയോഗിക്കുന്ന ഒരു വാചകം) ഇത് ദഹിക്കുന്നില്ല.” കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ആര്‍ജെഡി മേധാവി തേജസ്വി യാദവിനെയും രാഷ്ട്രീയ രാജവംശങ്ങളില്‍ നിന്നുള്ളവരെന്ന് വിമര്‍ശിച്ച് മോദി പറഞ്ഞു.















