ജക്കാർത്ത: ജാവ കടലിൽ കാണാതായ, 240ലേറെ യാത്രക്കാരുമായി കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്തൻ പ്രവിശ്യയിലേക്ക് പോയ ഇന്തോനേഷ്യൻ യാത്രാക്കപ്പലിൽ നിന്ന് 97 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ ആറ് പേർ മരിച്ചതായി ഇന്തോനേഷ്യൻ തിരച്ചിൽ-രക്ഷാ ഏജൻസി അറിയിച്ചു. മറ്റ് യാത്രക്കാരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ തുടരുകയാണ്.
243 പേരുമായി സഞ്ചരിച്ച ‘വിർഗോ ട്രാൻസ്‌പോർട്ട് 8’ എന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ-രക്ഷാ പ്രവർത്തനം ആരംഭിച്ചത്. സുരബായയിൽ നിന്ന് ദക്ഷിണ കലിമന്താനിലെ ബൻജർമാസിനിലേക്ക് പോകുകയായിരുന്ന യാത്രാക്കപ്പൽ ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ടോടെ ബൻജർമാസിനിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ തെക്കുഭാഗത്തായിരുന്നുവെന്നാണ് അവസാനമായി ലഭിച്ച വിവരം.
കപ്പലിന്റെ ഓപ്പറേറ്ററായ പി.ടി. വിർഗോയിൽ നിന്ന് പുലർച്ചെ 4.10നാണ് അധികൃതർക്ക് ആദ്യ അടിയന്തര സന്ദേശം ലഭിച്ചത്. ശനിയാഴ്ച രാവിലെ 10.33നാണ് കപ്പൽ സുരബായയിൽ നിന്ന് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ബൻജർമാസിനിൽ എത്തേണ്ടതായിരുന്നു. രണ്ട് സമുദ്ര നിരീക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഇന്തോനേഷ്യൻ തിരച്ചിൽ-രക്ഷാ ഏജൻസി, നാവികസേന, സമുദ്ര പൊലീസ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംയുക്ത രക്ഷാദൗത്യ സംഘത്തിന് രൂപം നൽകി. അപകടസ്ഥലത്തേക്ക് കപ്പലുകളും ഹെലികോപ്റ്ററും അയച്ചിട്ടുണ്ട്. ജാവ കടലിലെ സമീപപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന മറ്റ് കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ സാന്നിധ്യത്തിന്റെ സൂചനകൾ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഞായറാഴ്ച രാവിലെ ട്രിസക്തി തുറമുഖ മേഖലയിലും പ്രത്യേക ഓപ്പറേഷൻസ് പോസ്റ്റ് സജ്ജീകരിച്ചു. 17,000ത്തിലധികം ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ ദ്വീപുകൾ തമ്മിലുള്ള യാത്രയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന പ്രധാന ഗതാഗത മാർഗമാണ് യാത്രാക്കപ്പലുകൾ.
97 people rescued from Indonesian passenger ship that went missing in the Java Sea with over 240 passengers on board; six dead.










