തിരുത്തൽ നടപടികളിലേക്ക്; സിപിഐഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് തുടക്കമായി, പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി

കോഴിക്കോട്: മൂന്നുദിവസം നീണ്ടുനിൽക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ആരംഭിച്ചു. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം രക്തസാക്ഷി പ്രമേയവും കെ.കെ. ശൈലജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം.എ. ബേബി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ മുന്നൂറിലധികം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെ എ.കെ.ജി. ഓഡിറ്റോറിയമാണ് പ്രധാന വേദി. സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളും വർഗ ബഹുജന സംഘടനകളിലെ തിരഞ്ഞെടുക്കപ്പെട്ട പാർട്ടി അംഗങ്ങളും അടക്കം 307 പ്രതിനിധികളാണ് വിപുലീകൃത സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകർ 1200-ലേറെ വാഹനങ്ങളിൽ റാലിക്കായി എത്തിച്ചേരും. ഇവർ ചെറുജാഥകളായി ഫ്രീഡം സ്ക്വയറിൽ സംഗമിക്കും. സെക്രട്ടറി എം.എ. ബേബി, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ റാലിയിൽ സംസാരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ അതിജീവിക്കാനും ജനങ്ങൾക്കിടയിലെ സ്വാധീനം വിപുലമാക്കാനുമുള്ള കർമപദ്ധതികൾ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ആവിഷ്‌കരിക്കും. 15-ന് വൈകീട്ട് മൂന്നിന് ബീച്ച് ഫ്രീഡം സ്ക്വയറിൽ റാലിയോടെയാണ് സമാപനം.

നേരിട്ട തിരിച്ചടികൾ മറികടന്ന് ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുളള ചർച്ചകളും തീരുമാനങ്ങളും ആയിരിക്കും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഉണ്ടാകുക. എൽഡിഎഫ് സർക്കാർ താരതമ്യേനെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിട്ടും പാർട്ടി ഈ രീതിയിൽ പരാജയപ്പെട്ടത് സംഘടനയിലെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടുന്നു എന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. പാർട്ടി അംഗങ്ങൾക്ക് സംഘടനാകാര്യങ്ങളിലും പ്രത്യയ ശാസ്ത്രകാര്യങ്ങളിലും കൃത്യമായി വിദ്യാഭ്യാസം നൽകണമെന്നാണ് മാർഗരേഖ നിർദേശിക്കുന്നത്.

Moving towards corrective measures: The extended state committee meeting of the CPIM has commenced; Paloli Mohammed Kutty hoisted the flag.

More Stories from this section

family-dental
witywide