എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അച്ചടക്ക നടപടികൾ നേരിട്ട മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനും എൻ. പ്രശാന്തിനും കൂടുതൽ നിർണ്ണായക ചുമതലകൾ നൽകി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളിലാണ് ഇരുവർക്കും അധികച്ചുമതല നൽകിയിരിക്കുന്നത്. ഡോ. ബി. അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും എൻ. പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെയും ചുമതലയാണ് നൽകിയത്. ഇതോടൊപ്പം ആരോഗ്യ വകുപ്പ് പുതിയ ഡയറക്ടറായി ഡോ. വി. മീനാക്ഷിയേയും സർക്കാർ നിയമിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സർക്കാരിനെയും ചീഫ് സെക്രട്ടറിയേയും പരസ്യമായി വിമർശിച്ചതിനാണ് എൻ. പ്രശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്. സർക്കാരുമായുള്ള നിരന്തര ഏറ്റുമുട്ടലുകളാണ് ബി. അശോകിനെതിരായ നടപടികൾക്ക് വഴിവെച്ചത്. എന്നാൽ പുതിയ യു.ഡി.എഫ്. സർക്കാർ അധികാരത്തിലേറിയതോടെ ഇരുവർക്കുമെതിരെയുള്ള നടപടികൾ പിൻവലിച്ച് സർവീസിൽ തിരിച്ചെടുക്കുകയായിരുന്നു. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി. അശോകും കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി എൻ. പ്രശാന്തും സേവനമനുഷ്ഠിച്ചു വരികയാണ്.
പൊതുഭരണ, നികുതി വകുപ്പുകളിൽ സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടയിലാണ് മുൻ സർക്കാരിന്റെ കാലത്ത് വേട്ടയാടപ്പെട്ടു എന്ന് ആരോപിക്കപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് നിർണ്ണായക പദവികൾ നൽകിയിരിക്കുന്നത്. സർക്കാരിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിൽ തന്നെ ഇവർക്ക് ചുമതല നൽകിയത് ഭരണനിർവ്വഹണത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
B Ashok and N Prashanth Given Additional Charges in Chief Minister’s Portfolios














