
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണ്ണായക ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകർ തിരുവനന്തപുരത്തെത്തി. ജനറൽ സെക്രട്ടറിമാരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി ഇന്ദിരാഭവനിൽ കൂടിക്കാഴ്ച നടത്തി. നാളെ രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായാണ് നിരീക്ഷകർ മുതിർന്ന നേതാക്കളുടെ നിലപാട് തേടിയത്. ദീപാ ദാസ് മുൻഷിയും നിരീക്ഷകർക്കൊപ്പമുണ്ട്.
മുഖ്യമന്ത്രി കസേരയ്ക്കായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ കേന്ദ്രീകരിച്ച് ശക്തമായ ഗ്രൂപ്പ് നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഇതിനിടെ, എംഎൽഎമാരെ നിരീക്ഷകർ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായം തേടണമെന്ന കർശന ആവശ്യം സതീശൻ പക്ഷം മുന്നോട്ടുവെച്ചു. കൂട്ടായ ചർച്ച നടന്നാൽ ഭൂരിപക്ഷ പിന്തുണ കെ.സി. വേണുഗോപാലിന് ലഭിക്കുമെന്ന ആശങ്കയിലാണ് സതീശൻ ക്യാമ്പിന്റെ ഈ തന്ത്രപരമായ നീക്കം. വ്യക്തിപരമായ കൂടിക്കാഴ്ചയിൽ കൂടുതൽ എംഎൽഎമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ കഴിയുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്.
അഭിപ്രായ വോട്ടെടുപ്പിൽ നിന്ന് കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയെ മാറ്റിനിർത്തണമെന്ന ആവശ്യവും വി.ഡി. സതീശൻ പക്ഷം ഉന്നയിച്ചിട്ടുണ്ട്. ദീപാ ദാസ് മുൻഷി ഇടപെടുന്നത് കെ.സി. വേണുഗോപാലിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുമെന്നാണ് ഇവരുടെ ആരോപണം. എംഎൽഎമാരുടെ നിലപാടിന് പുറമെ എംപിമാരുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം കൂടി ശേഖരിച്ച ശേഷമാകും നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക. തിരുവനന്തപുരം കേന്ദ്രീകരിച്ച് നേതാക്കളുടെ ക്യാമ്പുകൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചും മറ്റും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
Battle for Kerala CM: AICC observers to hold one-on-one talks with MLAs as rival camps intensify pressure tactics











