മുഖ്യമന്ത്രിയായി വി ഡി സതീശനെ അനുകൂലിച്ച് പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരെ അച്ചടക്ക നടപടി. പ്രതിഷേധം നടത്തിയ പതിനഞ്ചോളം നേതാക്കള്‍ക്കാണ് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയതില്‍ വിശദീകരണം തേടിയാണ് നോട്ടീസ്. ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നടത്തിയ ശക്തിപ്രകടനത്തിലാണ് നടപടി.
കെപിസിസി അംഗമായ ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപൻ, കൈമനം പ്രഭാകരന്‍, ടി സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങി 15 ഓളം നേതാക്കള്‍ക്കാണ് കെപിസിസി നോട്ടീസ്. കെപിസിസി വിലക്ക് ലംഘിച്ച് ഹൈക്കമാന്റിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയത് എന്ത് കാരണത്താല്‍ എന്ന് വിശദീകരികരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കില്‍ സംഘടനാ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയില്‍ തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നേതാക്കളുമായുള്ള ഹൈക്കമാന്‍ഡിന്റെ നിര്‍ണായക ചര്‍ച്ചയ്ക്ക് അല്‍പ്പസമത്തിനകം തുടക്കമാകും. സമ്മര്‍ദത്തിനു വഴങ്ങി പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും. നേതാക്കള്‍ സമവായത്തില്‍ എത്തിയാല്‍ പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.
Disciplinary action against those who staged public protests in support of VD Satheesan














