
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അതീവ നാടകീയ രംഗങ്ങൾ. കൊൽക്കത്ത ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂമിലുള്ള ബാലറ്റ് ബോക്സുകൾ അനധികൃതമായി തുറക്കാൻ ശ്രമം നടന്നെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ബാലറ്റ് പെട്ടികളിൽ കൃത്രിമം കാട്ടാൻ ശ്രമിക്കുന്നുവെന്നാണ് ടിഎംസിയുടെ ആരോപണം. ഇതിന് തെളിവായി സ്ട്രോങ് റൂമിന് പുറത്തെ സിസിടിവി ദൃശ്യങ്ങളും പാർട്ടി പുറത്തുവിട്ടു.
സംഭവമറിഞ്ഞ് മുഖ്യമന്ത്രി മമത ബാനർജിയും മന്ത്രിമാരും നേരിട്ട് സ്ഥലത്തെത്തി സ്ട്രോങ് റൂമിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ തൃണമൂൽ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഉന്തും തള്ളുമുണ്ടായത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച മമത ബാനർജി, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 24 മണിക്കൂറും ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ബിജെപിക്ക് വലിയ വിജയം പ്രവചിക്കുന്ന മിക്ക എക്സിറ്റ് പോളുകളെയും മമത ബാനർജി നേരത്തെ തന്നെ തള്ളിയിരുന്നു. 221 സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് തന്നെ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. മുൻ വർഷങ്ങളിലും ബംഗാളിലെ എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ടെന്നും ജനവിധി തങ്ങൾക്കൊപ്പമാണെന്നും ടിഎംസി നേതൃത്വം വ്യക്തമാക്കുന്നു. സ്ട്രോങ് റൂമിലെ വിവാദത്തെ തുടർന്ന് മേഖലയിൽ വലിയ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Bengal Strong Room Drama: Mamata Banerjee protests over alleged ballot box tampering ahead of results














