
ലണ്ടൻ: പ്ലേജറിസം ആരോപണങ്ങളെ തുടർന്ന് രാജിവെച്ചതിന് പിന്നാലെ പ്രമുഖ കേംബ്രിഡ്ജ് പ്രൊഫസർ ജെയ്സൺ ആർഡെയെ (41) മരിച്ച നിലയിൽ കണ്ടെത്തി. കേംബ്രിഡ്ജ് സർവകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ കറുത്തവർഗ്ഗക്കാരനായ പ്രൊഫസറായിരുന്ന ജെയ്സൺ, വംശീയമായ ആസൂത്രിത അധിക്ഷേപങ്ങൾക്കും മാധ്യമവേട്ടയ്ക്കും ഇരയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അദ്ദേഹത്തിന്റെ വേർപാട് ബ്രിട്ടീഷ് സമൂഹത്തിൽ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്.
അക്കാദമിക് നേട്ടങ്ങളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് ബ്രിട്ടീഷ്-അന്താരാഷ്ട്ര മാധ്യമങ്ങൾ അദ്ദേഹത്തിനെതിരെ നിരന്തരം വാർത്തകൾ നൽകിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളും മാധ്യമങ്ങളുടെ ഇടപെടലുകളും തികച്ചും ആനുപാതികമല്ലാത്തതും വംശീയ അധിക്ഷേപത്തിന്റെ ഭാഗവുമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. പ്രൊഫസറുടെ നിര്യാണം എല്ലാ തലത്തിലും വലിയൊരു ദുരന്തമാണെന്നും, കാര്യങ്ങൾ ഈ ഘട്ടത്തിലേക്ക് എത്തിയത് എങ്ങനെയാണെന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർണാം പ്രതികരിച്ചു.
കേംബ്രിഡ്ജ് സർവകലാശാലയിൽ ചുമതലയേറ്റ നാൾ മുതൽ കഴിഞ്ഞ മൂന്ന് വർഷമായി ജെയ്സനെ തകർച്ചയിലേക്ക് തള്ളിവിടാൻ ലക്ഷ്യമിട്ട് വൻ വ്യാജപ്രചാരണങ്ങളാണ് നടന്നതെന്ന് അദ്ദേഹത്തിന്റെ കുടുംബം മാധ്യമ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അങ്ങേയറ്റം സൗമ്യനായ ഒരു മനുഷ്യനായിരുന്നു ജെയ്സണെന്നും, തുടർച്ചയായ മാധ്യമവേട്ടയും മാനസിക സമ്മർദ്ദവുമാണ് അദ്ദേഹത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. അതോടൊപ്പം, ഈ ദുരന്തസമയത്ത് കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഇത്തരം ഹീനമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു.














