രാജ്യത്ത് ബയോഡീസൽ അവതരിപ്പിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ; ചേർക്കുന്നത് ഐസോബ്യൂട്ടനോൾ

മുംബൈ: രാജ്യത്ത് ബയോഡീസൽ അവതരിപ്പിക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കുന്നതിനാണ് പദ്ധതി. ഈ വർഷം അവസാനത്തോടെ ഇതു നടപ്പാക്കാനാണ് ആലോചന. ഇരുപത് ശതമാനം എഥനോൾ ചേർന്ന പെട്രോൾ രാജ്യവ്യാപകമായി ലഭ്യമാക്കിയതിനു പിന്നാലെയാണ് ബയോഡീസൽ അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ ഐസോബ്യൂട്ടനോൾ വാഹന ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ പെട്രോളിനൊപ്പം ഇതു ചേർത്തുവരുന്നു. ചില രാജ്യങ്ങളിൽ ഡീസലിനൊപ്പം ചേർത്തുള്ള പരീക്ഷണം നടന്നുവരുന്നുണ്ട്. എന്നാൽ വലിയ അളവിൽ ഡീസലിൽ ചേർക്കുന്ന പദ്ധതികൾ നിലവിലില്ലെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ബദൽ ഇന്ധനത്തിലേക്കുമാറാൻ നീക്കം നടക്കുന്നുണ്ടെങ്കിലും വാണിജ്യവാഹനങ്ങൾ കൂടുതലും ഡീസലിനെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ടാറ്റ മോട്ടോഴ്സ് രണ്ടുശതമാനം ഐസോബ്യൂട്ടനോൾ ചേർന്ന ഡീസൽ ഉപയോഗിച്ചുള്ള വാഹനത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കുകയാണ്. പൊതുമേഖല എണ്ണവിതരണക്കമ്പനിയായ എച്ച്.പി.സി.എലുമായി ചേർന്നാണ് ഇതു നടപ്പാക്കുകയെന്നും ജൂലായ്-സെപ്റ്റംബർ കാലയളവിൽ പരീക്ഷണത്തിനു തുടക്കമാകുമെന്നും ടാറ്റ മോട്ടോഴ്സ് സി.ഇ.ഒ. ഗിരീഷ് വാഘ് വ്യക്തമാക്കി.

ധാന്യങ്ങളുടെ ഫെർമൻ്റേഷൻ പ്രക്രിയയിൽ ലഭിക്കുന്ന ആൽക്കഹോളിക് ഉപോത്പന്നമാണ് ഐസോബ്യൂട്ടനോൾ. ഡീസലിന്റെ ജ്വലനം ശക്തിപ്പെടുത്താനും മലിനവസ്തുക്കളുടെ ബഹിർഗമനം കുറയ്ക്കാനും ഇതു സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വാഹനങ്ങളുടെ എൻജിനിൽ വലിയ മാറ്റങ്ങളൊന്നും വരുത്താതെതന്നെ ഉപയോഗിക്കാനാകും. ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർത്ത് ഉപയോഗിക്കുന്നത് പരിഗണിക്കുന്നതായും ഈ വർഷം അവസാനത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത സെക്രട്ടറി വി. ഉമാശങ്കർ നേരത്തെ സൂചന നൽകിയിരുന്നു.

Central government takes steps to introduce biodiesel in the country; Isobutanol is added

More Stories from this section

family-dental
witywide