
കൊച്ചി: വിജയാഘോഷത്തിലെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ ഡാൻസ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം നടത്തിയ ആഘേഷ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം നടത്തിയ ആഘോഷത്തിന്റെ വിഡിയോകളാണ് വിവിധ പേജുകളിലൂടെ പ്രചരിക്കുന്നത്. ‘ആവേശം’ എന്ന ചിത്രത്തിലെ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിനാണ് ചെറിയാൻ ഫിലിപ്പിന്റെ വക തകർപ്പൻ ഡാൻസ്. വനിത നേതാക്കൾ ഉൾപ്പെടെയുള്ളവർക്കൊപ്പമാണ് ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം.
കൊച്ചിയിലെ കെപിസിസി ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തിൻ പങ്കെടുക്കാനെത്തിയ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ വിഡിയോ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനു പിറകേയാണ് ഡാൻസ് വിഡിയോയും വൈറലാകുന്നത്. ചെറിയാന്റേത് സന്തോഷപ്രകടനം മാത്രമാണെന്നും വിവാദങ്ങൾക്കു സ്ഥാനമില്ലെന്നും ഒരു വിഭാഗം പറഞ്ഞു. എന്നാൽ പാർട്ടിയിലെ വനിതാ നേതാവും നിയുക്ത എംഎൽഎയുമായ ബിന്ദു കൃഷ്ണയോട് അപമര്യാദയായാണ് പെരുമാറിയതെന്നു മറ്റൊരുകൂട്ടം വിമർശനവും ഉയർത്തുന്നു.













