പിണറായി വേണ്ടേ വേണ്ട! ജനവികാരം മനസ്സിലാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു; സിപിഐ കേന്ദ്ര നേതൃത്വത്തിൽ അതൃപ്തിയെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെ സിപിഐ കേന്ദ്ര നേതൃത്വത്തിൽ അതൃപ്തി ഉയരുന്നതായി സൂചന. നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങൾ വരണമെന്നതാണ് സിപിഐയുടെ നിലപാട്, ഇത് സംസ്ഥാന നേതൃത്വത്തെയും സിപിഎമ്മിനെയും അറിയിക്കാനാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ചൂണ്ടിക്കാണിക്കുന്ന സമീപനമാണ് ഘടകകക്ഷിയായ സിപിഐ സ്വീകരിക്കുന്നതെന്നും വിവരം. ഇത്ര വലിയ തോൽവി എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിപിഐ കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.

പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ പുതുതലമുറ നേതാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്നാണ് സിപിഐയുടെ പ്രധാന ആവശ്യം. പഴയ രീതിയിലുള്ള പ്രവർത്തനം ജനങ്ങളിൽ വിരസത സൃഷ്ടിച്ചതായി അവർ വിലയിരുത്തുന്നു; അതിനാൽ പുതിയ കാലത്തിനൊത്ത മാറ്റങ്ങൾ നേതൃത്വത്തിൽ അനിവാര്യമാണെന്നും അഭിപ്രായപ്പെടുന്നു. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ സിപിഎമ്മിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്ന സന്ദേശവും സിപിഐ നൽകുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം സിപിഎമ്മിനുതന്നെയായിരിക്കുമെങ്കിലും, അതിലേക്ക് പുതിയ മുഖത്തെ ഉയർത്തണമെന്നാണ് സിപിഐയുടെ ആവശ്യം. ഉപനേതൃസ്ഥാനം സിപിഐക്ക് ലഭിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കുന്നു.പരാജയത്തിന് പല ഘടകങ്ങളുണ്ടെന്നും അവയെ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും സിപിഐ നേതാക്കൾ പറയുന്നു. ജനവികാരം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് ഭരണത്തലവനെന്ന നിലയിൽ പിണറായി വിജയന്റെ വീഴ്ചയാണെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്. അതിനാൽ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കുന്നത് മുന്നണിയുടെ തിരിച്ചുവരവിന് അനുകൂലമാകില്ലെന്ന ആശങ്കയും ഉയരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തിനുള്ള ആവശ്യം ശക്തമാകുന്നത്.

പിണറായി വിജയനെ മാറ്റി നിർത്തിയുള്ള നേതൃത്വത്തെക്കുറിച്ച് സിപിഎം ആലോചിക്കുമോയെന്നത് ഇനി ശ്രദ്ധേയമാണ്. മാറ്റം അനിവാര്യമാണെന്ന സിപിഐയുടെ കടുത്ത നിലപാട് വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും ഈ അഭിപ്രായഭിന്നതകളുടെ പ്രതിഫലനം കാണാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide