കനത്ത തോൽവി; കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടി പരിശോധിക്കാൻ ഇന്നും നാളെയും സിപിഐഎം പിബി യോഗം

ന്യൂഡൽഹി: തിരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ കനത്ത തോൽവിയും  തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതിഗതികളും ചർച്ചചെയ്യാനായി സിപിഐഎം പൊളിറ്റ്ബ്യൂറോ ഞായറാഴ്ചയും തിങ്കളാഴ്ചയും യോഗം നടക്കുന്നു. പാർട്ടിയുടെ സംഘടനാകരുത്ത് വീണ്ടെടുക്കാനാവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക്  കടന്നേക്കും. 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ഇതിൽ അന്തിമതീരുമാനമെടുക്കും.

അതേ സമയം, യോഗത്തിൽ പാർട്ടി നിയമസഭാകക്ഷിനേതാവും പ്രതിപക്ഷനേതാവുമായി ആരെ നിയോഗിക്കണമെന്നതിൽ  ധാരണയായേക്കും. പിണറായി വിജയൻ വരണമെന്ന വാദത്തിനാണ് സംസ്ഥാനത്ത് മേൽക്കൈ. കോൺഗ്രസിലെ അസ്വസ്ഥത രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ പറ്റിയ പരിചയസമ്പത്ത് പിണറായിക്കുണ്ടെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.

എന്നാൽ, കേന്ദ്രനേതൃത്വത്തിലുൾപ്പെടെ പുതിയൊരു മുഖം വരണമെന്ന അഭിപ്രായം  ചിലർക്കുണ്ട്. പിണറായി മാറിയാൽ കേന്ദ്രകമ്മിറ്റിയംഗം കെ.എൻ. ബാലഗോപാലിനെയാകും പരിഗണിക്കുക. പാർലമെന്ററി വ്യാമോഹം സൃഷ്ടിച്ച വലതുവ്യതിയാനം പാർട്ടിയെ സംഘടനാപരമായി ക്ഷീണിപ്പിക്കുന്നെന്ന വിമർശനം പാർട്ടിക്കുള്ളിലുണ്ടായിട്ടുണ്ട്.

കണ്ണൂരിൽ പാർട്ടി ശക്തികേന്ദ്രങ്ങളിലുണ്ടായ വിമതരുടെ സ്ഥാനാർഥിത്വവും അവരുടെ വിജയങ്ങളും പാർട്ടിയെ ഗ്രസിച്ചിരിക്കുന്ന ദുഷ്പ്രവണതയുടെയും ദൗർബല്യത്തിന്റെയും ഉദാഹരണങ്ങളാണ്. അഖിലേന്ത്യാ നേതൃത്വം പാർട്ടിക്കുള്ളിൽ സംഘടനാനിയന്ത്രണം ശക്തമാക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. ഹർകിഷൻ സിങ് സുർജിത്തിന്റെ കാലശേഷം അതിലുണ്ടായ ശോഷിപ്പാണ് പാർട്ടിയെ ബാധിച്ചത്.

സ്വാധീനമുള്ള സംസ്ഥാനഘടകങ്ങളുടെ തീരുമാനങ്ങളെ കേന്ദ്രനേതൃത്വം അതേപടി അംഗീകരിക്കുന്ന സാഹചര്യം പ്രതികൂലകാലാവസ്ഥ സൃഷ്ടിച്ചു. ഇത്തവണത്തെ കണ്ണൂരിലെ ചില സ്ഥാനാർഥിനിർണയങ്ങളിൽ അഖിലേന്ത്യാനേതൃത്വം മാറ്റം നിർദേശിച്ചിട്ടും അത് സംസ്ഥാനത്ത് തള്ളപ്പെട്ടത് തിരിച്ചടിച്ചെന്നും വിലയിരുത്തലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

CPI(M) PB meeting to be held today and tomorrow to review the election setback in Kerala

More Stories from this section

family-dental
witywide