
വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സർക്കാരാണ് യുഡിഎഫിന്റേതെന്ന് തെളിയിക്കുന്നതാണ് നിയമസഭയിലെ നയപ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വാക്കുകൊണ്ട് പോലും വിമർശിക്കാത്ത നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് പ്രസ്താവനയിലൂടെ സിപിഎം കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ നിലപാടുകളോടോ സാമ്പത്തിക ഫെഡറലിസത്തെ തകർക്കുന്ന സമീപനങ്ങളോടോ യുഡിഎഫ് സർക്കാരിന് ഒരു വിയോജിപ്പുമില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കള്ളപ്രചരണം ആവർത്തിക്കാനാണ് നയപ്രഖ്യാപനത്തിലുടനീളം ശ്രമിച്ചതെന്നും സിപിഎം ആരോപിച്ചു.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 5,429 കോടി രൂപ ട്രഷറിയിൽ ബാക്കിവെച്ചുകൊണ്ടാണ് ഇടതുസർക്കാർ ഭരണം അവസാനിപ്പിച്ചത്. കടബാധ്യതയിൽ രാജ്യത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിന്റെ സ്ഥാനം. എൽഡിഎഫ് സർക്കാർ പൊതുകടം വൻതോതിൽ കുറച്ചിരുന്നു. കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക അടിച്ചമർത്തലുകൾക്കെതിരെ ഒരക്ഷരം മിണ്ടാതെ, കേരളത്തെ മുന്നോട്ട് നയിച്ച ഇടതുപക്ഷ സർക്കാരിനെ കുറ്റപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കൂടാതെ, കേരളത്തിന്റെ സമ്പദ്‌ഘടനയെ ബാധിക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ അഭിമുഖീകരിക്കാനോ ആശങ്കകൾ പരിഹരിക്കാനോ ഉള്ള കൃത്യമായ നിർദ്ദേശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ലെന്നും സിപിഎം ചൂണ്ടിക്കാട്ടി.
നാടിന്റെ അഭിമാനമായ പ്രധാന പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് നയപ്രഖ്യാപനത്തിൽ വ്യക്തതയില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, കിഫ്ബി തുടങ്ങിയ പ്രധാന മേഖലകളെക്കുറിച്ച് പരാമർശം പോലുമില്ലാത്തത് വിസ്മയകരമാണ്. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പുതിയ സർക്കാരിന് താല്പര്യമില്ലെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. നാടിന്റെയും ജനങ്ങളുടെയും താല്പര്യത്തിന് എതിരെയുള്ള നടപടികളുമായി മുന്നോട്ട് പോയാൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.
CPM slams UDF government’s policy address, alleges lack of vision and failure to question Center’s economic policies














