ആഫ്രിക്കയിൽ എബോള വ്യാപനം; അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന, അമേരിക്കൻ ജനങ്ങൾക്ക് രോഗഭീഷണി കുറവാണെന്ന് സിഡിസി

ജനീവ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിലും ഉഗാണ്ടയിലും പടരുന്ന എബോള വൈറസ് വ്യാപനം “അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ” ആണെന്ന് ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചു. കോൺഗോയിലെ ഇതുരി പ്രവിശ്യയിൽ ഇതുവരെ എട്ട് ലബോറട്ടറി സ്ഥിരീകരിച്ച കേസുകളും 246 സംശയാസ്പദ കേസുകളും 80 സംശയാസ്പദ മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

അയൽരാജ്യമായ ഉഗാണ്ടയിൽ കോൺഗോയിൽ നിന്ന് എത്തിയ രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ ഒരാൾ മരിച്ചതായും, രോഗബാധിതർക്കിടയിൽ വ്യക്തമായ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗബാധിതരുടെ യഥാർത്ഥ എണ്ണം എത്രയാണെന്നും രോഗവ്യാപനത്തിന്റെ പരിധി എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും ഇപ്പോഴും വ്യക്തമായിട്ടില്ല ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.

രോഗബാധയുടെ ഉറവിടവും വ്യാപന ശൃംഖലയും സംബന്ധിച്ച വിവരങ്ങൾ പരിമിതമാണെന്നും സംഘടന കൂട്ടിച്ചേർത്തു. 1970-കളിൽ എബോള വൈറസ് ആദ്യമായി കണ്ടെത്തിയതിന് ശേഷം കോൺഗോയിൽ റിപ്പോർട്ട് ചെയ്യുന്ന 17-ാമത്തെ വ്യാപനമാണിത്. ഇപ്പോൾ പടരുന്ന വൈറസ് “ബുണ്ടിബുഗ്യോ” വിഭാഗത്തിൽപ്പെട്ട എബോള വൈറസാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഈ വൈറസിനെതിരേ നിലവിൽ ഫലപ്രദമായ വാക്സിനുകളോ പ്രത്യേക ചികിത്സാമരുന്നുകളോ ലഭ്യമല്ല. മുമ്പ് എബോള, കോവിഡ്-19, എംപോക്സ് തുടങ്ങിയ രോഗവ്യാപനങ്ങൾക്കും ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) കോൺഗോയിലെ സ്ഥിതിഗതികൾ അടുത്തുനിന്ന് നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. കോൺഗോ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കിയതായും CDC വ്യക്തമാക്കി. “എബോള വ്യാപനങ്ങളെ നേരിടുന്നതിൽ CDCയ്ക്ക് വലിയ പരിചയമുണ്ട്. ആവശ്യമായ സഹായങ്ങൾ നൽകാൻ ഞങ്ങൾ പൂർണമായും സജ്ജമാണ്,” CDC ആക്ടിംഗ് ഡയറക്ടർ ജയ ഭട്ടാചാര്യ പറഞ്ഞു. നിലവിൽ അമേരിക്കൻ ജനങ്ങൾക്ക് രോഗഭീഷണി വളരെ കുറവാണെന്നും CDC വ്യക്തമാക്കി.

Ebola outbreak in Africa; WHO declares international health emergency, CDC says risk to Americans low

More Stories from this section

family-dental
witywide