ജയ്പൂരിൽ എബോള ലക്ഷണങ്ങളോടെ ഉഗാണ്ടയിൽ നിന്നെത്തിയ യുവതി ഐസലേഷനിൽ

ജയ്പൂർ: ഉഗാണ്ടയിൽ നിന്നെത്തിയ യുവതിയിൽ എബോള വൈറസ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് രാജസ്ഥാനിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ഉഗാണ്ടയിൽനിന്നെത്തിയ 19കാരിയെ ജയ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ സാംപിൾ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്നതുവരെ അവർ ക്വാറന്റൈനിൽ തുടരും. അതേസമയം, ഇന്ത്യയിൽ ഇതുവരെ എബോള സ്ഥിരീകരിച്ചിട്ടുള്ള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് വ്യാഴാഴ്ച‌ രാവിലെ യുവതി ഇന്ത്യയിലെത്തിയത്. മെഡിക്കൽ സംഘം വിമാനത്താവളത്തിൽ നടത്തിയ സ്ക്രീനിങ്ങിനിടെയാണ് എബോളയുടെ ലക്ഷണങ്ങളോടു സാമ്യമുള്ള കാര്യങ്ങൾ കണ്ടത്. ഉടൻ തന്നെ അവരെ രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർയുഎച്ച്എസ്) ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു.

യുവതിയുടെ സാംപിൾ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചെന്ന് ആർയുഎച്ച്എസ് പ്രിൻസിപ്പൽ ഡോ. മോഹനീഷ് ഗ്രോവർ പറഞ്ഞു. 48 മണിക്കൂറിനുശേഷം രണ്ടാമത്തെ സാംപിളും അയയ്ക്കും. പരിശോധനാ ഫലം വരുന്നതുവരെ അവർ ക്വാറന്റൈനിൽ തുടരുമെന്നും ടെസ്റ്റ് പോസിറ്റീവായാൽ 21 ദിവസം ക്വാറന്റൈനിൽ ചികിത്സിക്കുമെന്നും ഡോ. ഗ്രോവർ കൂട്ടിച്ചേർത്തു. ഇതുവരെ എബോളയാണെന്നു രോഗനിർണയം നടത്തിയിട്ടില്ലെന്നും എബോളയുടെ ലക്ഷണങ്ങളോടു സാമ്യമുള്ള കാര്യങ്ങൾ മാത്രമാണ് കണ്ടതെന്നും രോഗലക്ഷണങ്ങൾ മാത്രംവച്ച് എബോള സ്ഥിരീകരിക്കാനാവില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അനിൽ ഗുപ്‌ത പറഞ്ഞു.

അതേസമയം, ഒരു മാസത്തോളമായി വയറുവേദനയും ഭക്ഷണത്തോടുള്ള താൽപര്യക്കുറവും യുവതിക്കുണ്ടായിരുന്നുവെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. നിലവിൽ തലവേദനയും പരാതിപ്പെടുന്നുണ്ട്. അതേ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരോടു മുൻകരുതൽ എന്ന നിലയിൽ വീടുകളിൽ ഐസലേഷനിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദേശം നൽകി. സംസ്ഥാന ആരോഗ്യവകുപ്പ് സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിശ്ച‌ിത പ്രോട്ടോക്കോൾ എല്ലാം പാലിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

മുമ്പ് എബോള രോഗലക്ഷണങ്ങളോടെ കർണാടകയിൽ നിരീക്ഷണത്തിലായിരുന്ന 28 കാരിയായ ഉഗാണ്ടൻ സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. മെയ് 17ന് ലോകാരോഗ്യ സംഘടന ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Woman from Uganda in isolation in Jaipur with Ebola symptoms

More Stories from this section

family-dental
witywide