
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് വൈകീട്ട് നാല് മണിക്ക് ഡൽഹിയിൽ നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. വിദേശ പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തുന്നതിന് തൊട്ടുപിന്നാലെയാണ് അടിയന്തര സ്വഭാവമുള്ള ഈ യോഗം വിളിച്ചിരിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, സഹമന്ത്രിമാർ എന്നിവരുൾപ്പെടെ എല്ലാ മന്ത്രിമാർക്കും ഡൽഹിയിൽ തുടരാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തിൻ്റെ ഔദ്യോഗിക അജണ്ട പുറത്തുവിട്ടിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും അത് ഇന്ത്യയിൽ ഉണ്ടാക്കാവുന്ന സാമ്പത്തിക ആഘാതങ്ങളുമാകും പ്രധാന ചർച്ചാവിഷയം. ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന വർദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, രാജ്യത്തെ പണപ്പെരുപ്പ സാധ്യതകൾ എന്നിവ യോഗം വിശദമായി വിലയിരുത്തും.
പശ്ചിമേഷ്യൻ പ്രതിസന്ധി അവലോകനം ചെയ്യുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ സർക്കാർ ഇതിനകം തന്നെ ഉന്നതാധികാര അനൗദ്യോഗിക സമിതി രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ, പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഈ സമിതിയുടെ കണ്ടെത്തലുകളും യോഗത്തിൽ ചർച്ചയ്ക്ക് വരും. പ്രതിസന്ധി മറികടക്കാനുള്ള നിർണായക തീരുമാനങ്ങൾ ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.
Emergency cabinet meeting chaired by Modi today; All ministers instructed to remain in Delhi














