ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്; ഭോപ്പാൽ ദുരന്തത്തിൻ്റെ നേർചിത്രം പുറം ലോകത്തെ അറിയിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു. 83 വയസായിരുന്നു. പതിറ്റാണ്ടുകളോളം രാജ്യത്തെ പ്രധാന സംഭവങ്ങളും രാഷ്ട്രീയ ചലനങ്ങളും പകര്‍ത്തിയ ഫോട്ടോഗ്രാഫറാണ് രഘു റായ്. 1984-ലെഭോപ്പാൽ ദുരന്തത്തിൻ്റെ നേർചിത്രം തൻ്റെ ഫോട്ടോകളിലൂടെ പുറം ലോകത്തെ അറിയിച്ച രഘു റായുടെ ദുരന്തത്തിന്റെ ഭീകരതയും വേദനയും വിളിച്ചോതുന്ന കറുപ്പും വെളുപ്പും ചിത്രങ്ങൾ ലോകത്തെ പിടിച്ചുലച്ചു. ദുരന്തത്തില്‍ മരിച്ച ഒരു കുഞ്ഞിനെ അടക്കം ചെയ്യുന്ന ചിത്രം ചരിത്രത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദൃശ്യങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.

മദര്‍ തെരേസയെ ഏറ്റവും കൂടുതൽ പകർത്തിയ ഫോട്ടഗ്രാഫറാണ് രഘു റായ്. ഇന്ദിരാഗാന്ധി, സത്യജിത് റേ, പണ്ഡിറ്റ് രവിശങ്കര്‍ തുടങ്ങിയവരുടെ ജീവിതവും രഘു റായ് ക്യാമറയില്‍ പകര്‍ത്തി. തെരുവോരങ്ങള്‍, ഉത്സവങ്ങള്‍, ഗ്രാമീണ ജീവിതം , കാശിയും ഹിമാലയവും തുടങ്ങി ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ നേര്‍ചിത്രം രഘു റായ് പകർത്തി.

1942ല്‍ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് രഘു റായ് ജനിച്ചത്. സിവില്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ച റായ് തൻ്റെ 23-ാം വയസിൽ 1965 ലാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 1966-ല്‍ ദി സ്റ്റേറ്റ്‌സ്മാനിലാണ് തുടക്കം. പിന്നീട് സണ്‍ഡേ മാഗസിന്റെയും ‘ഇന്ത്യ ടുഡേ’ മാഗസിനിന്റെയും ഫോട്ടോ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1977-ല്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫി കൂട്ടായ്മയായ ‘മാഗ്നം ഫോട്ടോസി’ലേക്ക് ഇതിഹാസ ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ രഘു റായിയെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു രഘു റായ്. ഫോട്ടോഗ്രഫി മേഖലയിലെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ രഘു റായിയെ 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Father of Indian photojournalism; Raghu Rai, the famous photographer who brought the Bhopal disaster to the outside world, passes away

More Stories from this section

family-dental
witywide