പ്രശസ്ത ഭക്തിഗാന രചയിതാവ് ഫാ.മൈക്കിൾ പനച്ചിക്കൽ അന്തരിച്ചു

കോട്ടയം: പ്രശസ്ത ധ്യാനഗുരുവും പ്രമുഖ ക്രൈസ്തവ ഭക്തിഗാന രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വി.സി (77) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് സജീവമായിരുന്ന അദ്ദേഹം വിശ്വാസ സമൂഹത്തിന് ആത്മീയ വെളിച്ചം പകർന്ന അതുല്യ പ്രതിഭയായിരുന്നു. മലയാളികളുടെ നാവിലും മനസ്സിലും എന്നും തങ്ങിനിൽക്കുന്ന “തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ…” എന്ന വിഖ്യാത ഗാനമുൾപ്പെടെ ഏഴുന്നൂറിലധികം ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

“നിത്യത തീർക്കുന്ന നിമിഷങ്ങളെ, സ്വർഗം തുറക്കുന്ന നിമിഷങ്ങളെ” എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം ഭക്തിഗാന രംഗത്തേക്ക് കടന്നുവന്നത്. ഗാനരചനയ്ക്ക് പുറമെ മികച്ചൊരു നോവലിസ്റ്റ്, നാടകകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.  വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്നു.

ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, കുരിശിൻ്റെ വഴി തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥങ്ങൾ. സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാന ടെസ്റ്റ് തയ്യാറാക്കിയ കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു. ആത്മീയ-സംഗീത മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് കെ.സി.ബി.സി അവാർഡ്, ഷാലോം മീഡിയ അവാർഡ്, ഗുഡ്‌നെസ്സ് ടിവി അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിൻസെൻഷ്യൽ സഭാംഗമായ അദ്ദേഹം പോപ്പുലർ മിഷൻ ഡയറക്ടർ, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടർ, കട്ടപ്പന കൃപാലയ റിട്രീറ്റ് സെൻ്റർ ഡയറക്ടർ, അസിസ്റ്റൻ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നീ പദവികളിൽ ശ്രദ്ധേയമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1948 സെപ്റ്റംബർ 6-ന് അന്തിനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനായാണ് ജനനം. 1974 ഡിസംബർ 19-ന് പൗരോഹിത്യം സ്വീകരിച്ചു. ഭൗതികശരീരം കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്‌കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ വെച്ച് നടക്കും.

Renowned devotional hymn writer Fr. Michael Panachikal passes away

More Stories from this section

family-dental
witywide