മുഖ്യമന്ത്രിയുടെ ദർശനത്തിൽ ക്ലീൻ ചിറ്റ് നൽകി ഗുരുവായൂർ ദേവസ്വം ബോർഡ്; ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് ചെയർമാൻ എ വി ഗോപിനാഥ്

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആചാര ലംഘനമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഗുരുവായൂർ ദേവസ്വം ബോർഡ്. മുഖ്യമന്ത്രിക്ക് ദേവസ്വം ബോർഡ് പൂർണ്ണ ക്ലീൻചിറ്റ് നൽകിയതായി ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ നിന്നും ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ആചാര ലംഘനങ്ങളോ ക്രമക്കേടുകളോ നടന്നിട്ടില്ലെന്ന് ബോർഡ് വ്യക്തമാക്കിയത്.

പൂർണ്ണമായും നിയമാനുസൃതമായ രീതിയിൽ പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്ന് ചെയർമാൻ അറിയിച്ചു. മുഖ്യമന്ത്രി അഞ്ചുപേർക്കായി ‘നെയ്‌വിളക്ക്’ വഴിപാടിന്റെ ചീട്ട് എടുത്തിരുന്നു. ഈ ചീട്ട് പ്രകാരമുള്ള പ്രവേശനാനുമതി ഉപയോഗിച്ചാണ് അദ്ദേഹം ക്ഷേത്രത്തിനകത്ത് പ്രവേശിച്ചതും ദർശനം നടത്തിയതും. മാധ്യമങ്ങളിൽ പ്രചരിച്ചതുപോലെ സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റ് അനുയായികളോ ആയ കൂടുതൽ ആളുകളൊന്നും ദർശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ദേവസ്വം ബോർഡ് സ്ഥിരീകരിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷയോ ദർശനമോ കാരണം സാധാരണക്കാരായ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടായെന്ന ആരോപണവും ദേവസ്വം തള്ളി. മുഖ്യമന്ത്രി ദർശനം നടത്തുന്ന സമയത്ത് സാധാരണ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് ഒരാൾ പോലും തൊഴാൻ കഴിയാതെ മടങ്ങിപ്പോയി എന്ന് പരാതിപ്പെട്ടിട്ടില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ ചെയർമാന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയുടെ ക്ഷേത്രദർശനത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് താൽക്കാലികമായി വിരാമമായിരിക്കുകയാണ്.

Guruvayur Devaswom Clears CM Satheesan Ritual Violation Allegations During Temple Visit

More Stories from this section

family-dental
witywide