ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ പ്രസംഗം അൽപനേരം നിർത്തിവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു മോദിയുടെ ഈ നടപടി. തുടർന്ന് ഷി ജിൻപിങ്ങിന്റെ പരിഭാഷകനോട് “പ്രശ്നമൊന്നുമില്ലല്ലോ…” എന്ന് മോദി രണ്ടുതവണ ആവർത്തിച്ചു ചോദിക്കുകയായിരുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഷി ജിൻപിങ് തലയാട്ടി അറിയിച്ച ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം പുനരാരംഭിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്.
മൈക്രോഫോണുമായി ബന്ധപ്പെട്ട തടസ്സമോ പരിഭാഷ ലഭിക്കുന്നതിലെ പ്രശ്നങ്ങളോ ആകാം അസ്വസ്ഥതയ്ക്ക് കാരണമെന്ന് കരുതപ്പെടുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷി ജിൻപിങ്ങിന് എന്തോ പ്രയാസമുള്ളതായി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രസംഗം നിർത്തി കാര്യമന്വേഷിച്ച പ്രധാനമന്ത്രിയുടെ നടപടിയെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്.
അതേസമയം ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് ഷി ജിൻപിങ് വിട്ടുനിന്നതും വാർത്തയായിരുന്നു.ദീർഘദൂര യാത്രയും തുടർച്ചയായ യോഗങ്ങളും കാരണമുണ്ടായ കടുത്ത യാത്രാക്ഷീണം മൂലമാണ് അദ്ദേഹം വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
PM Modi Pauses BRICS Speech After Xi Jinping Appears Uncomfortable










