എൽഡിഎഫ് ഘടകകക്ഷിയായ എൻസിപിയിൽ പിളർപ്പ്; വിമതർ യോഗം ചേർന്ന് പുതിയ പാർട്ടി പ്രഖ്യാപിച്ചു, ദേശീയ നേതൃത്വവുമായി ബന്ധം അവസാനിപ്പിച്ചു

കൊച്ചി: കേരളത്തിൽ എൽ ഡി എഫ് ഘടക കക്ഷിയായ എൻ സി പിയിൽ പിളർപ്പ്. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ നിർദേശങ്ങൾ തള്ളിക്കൊണ്ട് മുൻ മന്ത്രി എകെ ശശീന്ദ്രൻ മുൻ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം കൊച്ചിയിൽ സമാന്തര സംസ്ഥാനതല യോഗം ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ദേശീയ നേതൃത്വവുമായി ബന്ധം പൂർണമായി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ഇവർ, താൽക്കാലികമായി ‘എൻസിപി (സെക്കുലർ)’ അഥവാ ‘എൻസിപി-എസ്’ എന്ന പേരിലാണ് പ്രവർത്തിക്കുക. തങ്ങൾ എൽഡിഎഫിനൊപ്പമുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ജൂൺ 20ന് നടക്കും.

ദേശീയ നേതൃത്വം ബിജെപി നയിക്കുന്ന എൻഡിഎയുമായി പുലർത്തുന്ന അടുപ്പത്തിനെതിരെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കെതിരെയുമാണ് പിളർപ്പെന്നാണ് വിമത വിഭാഗത്തിന്റെ വിശദീകരണം. എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഉൾപ്പെടെ പ്രധാന നേതാക്കൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. സംസ്ഥാന ഘടകവുമായി ആലോചിക്കാതെയാണ് പി.എം. സുരേഷ് ബാബുവിനെ പുതിയ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതെന്നും, ഇതിന് പിന്നിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി സി ചാക്കോ ആണെന്നുമാണ് വിമതർ ആരോപിക്കുന്നത്.

യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച തോമസ് കെ. തോമസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എൻസിപിക്ക് എൻഡിഎയുമായി യാതൊരു തരത്തിലുള്ള ബന്ധവും അംഗീകരിക്കാനാവില്ലെന്നും ദേശീയ നേതൃത്വത്തിന്റെ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളുമായി വിരുദ്ധമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിനാലാണ് പ്രത്യേക മതേതര രാഷ്ട്രീയ സംവിധാനമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഔദ്യോഗിക നേതൃത്വം യോഗത്തിന് വിലക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും 14 ജില്ലാ പ്രസിഡന്റുമാരിൽ 13 പേരും ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും വിമത പക്ഷത്തിന്റെ യോഗത്തിൽ പങ്കെടുത്തു. മുതിർന്ന നേതാവ് മുക്കം മുഹമ്മദും വിമതർക്കൊപ്പം ചേർന്നു. പുതിയ പാർട്ടിയുടെ ഭരണഘടന രൂപീകരിക്കാനും രജിസ്ട്രേഷൻ നടപടികൾ ഏകോപിപ്പിക്കാനുമായി എ.കെ. ശശീന്ദ്രന്റെയും തോമസ് കെ. തോമസിന്റെയും നേതൃത്വത്തിൽ ഒൻപതംഗ സമിതിയും രൂപീകരിച്ചു.

അതേസമയം, പി.സി. ചാക്കോയ്ക്കും പി.എം. സുരേഷ് ബാബുവിനും ദേശീയ നേതൃത്വത്തിന്റെ പിന്തുണ തുടരുന്നുണ്ടെങ്കിലും കേരളത്തിലെ സംഘടനാ അടിസ്ഥാനത്തിന്റെ വലിയൊരു വിഭാഗം വിമത പക്ഷത്തിനൊപ്പമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

More Stories from this section

family-dental
witywide