‘വനജ ഫയർ വർക്സ്’ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം, 21 മരണം; കണ്ണീരണിഞ്ഞ് വിരുദുനഗർ, അനുശോചനവുമായി രാഷ്ട്രപതിയടക്കമുള്ളവർ

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ 21 ആയി ഉയർന്നു. വിരുദുനഗറിന് സമീപമുള്ള ‘വനജ ഫയർ വർക്സ്’ എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണ്ണമായും തകർന്നു. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കിലോമീറ്ററുകളോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ട സ്ഫോടനത്തിൽ പലരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

അപകടവിവരമറിഞ്ഞ് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരുന്നു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, റവന്യൂ-ധനകാര്യ മന്ത്രിമാരോട് ഉടൻ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി.

വിരുദുനഗർ ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും രാഷ്ട്രപതി എക്സിൽ കുറിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tragedy in Tamil Nadu: Death Toll Rises to 21 in Virudhunagar Factory Blast; President Murmu Expresses Grief

More Stories from this section

family-dental
witywide