മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും തിരിച്ചടി. കേസ് പരിഗണിക്കാൻ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി കോടതി തള്ളി. മുറിച്ച മരത്തിന് വനം വകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ വ്യാപാരിക്ക് വിറ്റതിനാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ എറണാകുളത്ത് കേസ് രജിസ്റ്റർ ചെയ്തത്. വയനാട്ടിലെ കേസ് തുടരുന്നതിനാൽ എറണാകുളത്തെ കേസിന്റെ വിചാരണ നിർത്തിവെക്കണമെന്ന ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയതിന് പിന്നാലെയാണ് വിചാരണക്കോടതിയിലെ തിരിച്ചടി.
കേസ് പരിഗണിക്കാൻ തങ്ങൾക്ക് പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, ഈ മാസം 31-ന് പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുമെന്ന് അറിയിച്ചു. അന്നേ ദിവസം ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ കോടതിയിൽ നേരിട്ട് ഹാജരാകണം. രണ്ടും മൂന്നും പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്ക് വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതോടെ കേസിൽ ഔദ്യോഗിക വിചാരണ നടപടികൾ ആരംഭിക്കും.
കേസ് പരിഗണിക്കുന്നതിനിടെ തുടർച്ചയായി ഹാജരാകാതിരുന്ന പ്രതികൾക്കെതിരെ ഓഗസ്റ്റ് 10-ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കോടതിയിൽ കീഴടങ്ങി അവധി അപേക്ഷ നൽകിയതോടെയാണ് വാറണ്ട് പിൻവലിച്ചത്. എന്നാൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത് കോടതി രേഖകളിലുണ്ടായിട്ടും തങ്ങൾക്കെതിരെ വാറണ്ടില്ലെന്ന കള്ളമാണ് പ്രതികൾ തുടർച്ചയായി പ്രചരിപ്പിച്ചിരുന്നത്.
Muttil Tree Felling Fraud Case: Court Rejects Plea of Augustine Brothers; Trial to Begin on August 31












