മോദിയുടെ വിദേശയാത്ര: ഈ വർഷം ഇതുവരെ ചെലവായത് 74.59 കോടി രൂപ; സന്ദർശിച്ചത് 13 രാജ്യങ്ങൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം ജൂലൈ വരെ കേന്ദ്ര സർക്കാർ 74.59 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. രാജ്യസഭയിൽ എം.പി.മാരായ സഞ്ജയ് സിങ്, വി. ശിവദാസൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്. 2026-ൽ മാത്രം 13 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. ഇതിൽ നോർവേ യാത്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ചെലവായത്; 17.46 കോടി രൂപ. ഇസ്രയേൽ സന്ദർശനത്തിനായി 1.92 കോടി രൂപയും ചെലവഴിച്ചു.

2021 മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ആകെ 557.51 കോടി രൂപ ചെലവായിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഫ്രാൻസ് യാത്രയ്ക്കായി മാത്രം 25.59 കോടി രൂപ ചെലവഴിച്ചിരുന്നു. 2024-ൽ റഷ്യ, യു.എസ്, ബ്രസീൽ തുടങ്ങിയ 16 രാജ്യങ്ങൾ സന്ദർശിച്ചതിന് 109 കോടി രൂപയും, 2023-ൽ 93 കോടി രൂപയും, 2022-ൽ 55.82 കോടി രൂപയും, 2021-ൽ 36 കോടി രൂപയുമാണ് യാത്രാ ഇനത്തിൽ കേന്ദ്രം ചെലവിട്ടത്.

യു.പി.എ. സർക്കാരിന്റെ കാലത്തെ വിദേശയാത്രാ ചെലവുകളുടെ വിവരങ്ങളും മന്ത്രാലയം പാർലമെന്റിൽ പങ്കുവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് 2011-ൽ നടത്തിയ യു.എസ്. സന്ദർശനത്തിന് 10.74 കോടി രൂപയും 2013-ലെ റഷ്യൻ യാത്രയ്ക്ക് 9.95 കോടി രൂപയും ചെലവായതായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ വർഷത്തിൽ മലേഷ്യ, യു.എ.ഇ, നെതർലൻഡ്സ്, സ്വീഡൻ, ഇറ്റലി, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങി പ്രധാനപ്പെട്ട 13 രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രി പര്യടനം നടത്തിയത്.

PM Modi’s Foreign Visits Cost Rs 74.59 Crore in 2026 So Far, MEA Informs Rajya Sabha

Also Read

More Stories from this section

family-dental
witywide