ഫിലാഡൽഫിയയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു; പ്രതികളെ കണ്ടെത്താൻ 20,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഇന്ത്യൻ സ്വദേശിയായ യുവാവ് വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് നോർത്ത് ഫിലാഡൽഫിയയിൽ ദാരുണമായി കൊല്ലപ്പെട്ടത്. മൾട്ടിനാഷണൽ കമ്പനിയിലെ ജീവനക്കാരനായ അൻഷുൽ വാരാന്ത്യങ്ങളിൽ പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ജോലി ചെയ്തുവരികയായിരുന്നു.

നോർത്ത് ഫിലാഡൽഫിയയിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു അപ്പാർട്ട്‌മെൻ്റിലേക്ക് പിസ്സ എത്തിച്ച് മടങ്ങുന്നതിനിടെയാണ് അൻഷുലിന് തലയ്ക്ക് പിന്നിൽ വെടിയേറ്റത്. വ്യാജ ഓർഡർ നൽകി യുവാവിനെ കെണിയിൽപ്പെടുത്തി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അൻഷുലിൻ്റെ പണമോ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് കുടുംബവും ആരോപിക്കുന്നു.

സംഭവസ്ഥലത്തുനിന്ന് മൂന്ന് വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ച് അൻഷുലിനെ പിന്തുടരുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങളും, പിസ്സ ഓർഡർ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവർക്ക് ഫിലാഡൽഫിയ പൊലീസ് ഡിപ്പാർട്ട്‌മെന്റ് 20,000 ഡോളർ (ഏകദേശം 16 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ചു.

സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം രേഖപ്പെടുത്തി. അൻഷുലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തിന് ആവശ്യമായ നിയമസഹായങ്ങൾ നൽകാനും പ്രാദേശിക അധികാരികളുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കോൺസുലേറ്റ് അറിയിച്ചു.

Police in Philadelphia have offered a $20,000 reward for information leading to the arrest of Anshul Kunja.

More Stories from this section

family-dental
witywide