
ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്റെ മുൻ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സമ്മതിച്ചു. ഈ വിഷയത്തിൽ ഡോ. ഷിംന അസീസ് മാധ്യമങ്ങളിലൂടെ നൽകിയ തിരുത്ത് പൂർണ്ണമനസ്സോടെ സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാമ്പുകളുടെ വിഷം ഉപയോഗിച്ചുള്ള ലഹരി ഉപയോഗം അത്യന്തം അപകടകരമാണെന്നും കേരളത്തിലും ഇത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുപോലെയുള്ള ലഹരി മാഫിയകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലഹരിവിരുദ്ധ ക്യാമ്പയിനായ തൂഫാൻ-ദി നാർക്കോ ഹണ്ടിന്റെ ഭാഗമാകാൻ ഡോ. ഷിംന അസീസിനെ ഹൃദയപൂർവ്വം ക്ഷണിക്കുകയും ചെയ്തു.
ചെന്നിത്തലയുടെ കുറിപ്പ്
ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ” ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും. തൂഫാൻ- ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. Shimna Azeez ഹൃദയപൂർവ്വം ക്ഷണിക്കുന്നു.










