ക്രിക്കറ്റ് പരിശീലനത്തിനിടെ പീഡനം; കോച്ചിന് നാലാമത്തെ കേസിൽ 28 വർഷം കഠിനതടവും 54,000 പിഴയും

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനായി എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ചിന് നാലാമത്തെ കേസിൽ 28 വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും ചുമത്തി തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു(40)വിനാണ് 28 വർഷം കഠിന തടവും പിഴയും ജഡ്ജി അഞ്ജു മീര ബിർള വിധിച്ചത്. പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്.

ശിക്ഷ ഏഴ് വർഷം അനുഭവിച്ചാൽ മതിയാകും. നേരത്തെ വിധിച്ച മൂന്ന് കേസുകളിലെയും ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് നാല് കേസുകളിലായി 127 വർഷം തടവും രണ്ടുലക്ഷത്തി ഇരുപത്തി മൂവായിരം രൂപ പിഴയും ആണ് വിധിച്ചിരിക്കുന്നത്. ഇതിൽ 42 വർഷം തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും.

തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനായി 2018 ജൂണിലാണ് കുട്ടി എത്തിയത്. ആദ്യത്തെ കുറച്ചുനാളുകൾക്ക് ശേഷം പരിശീലനത്തിന് എന്നുപറഞ്ഞ് അവിടത്തെ ജിമ്മിലേക്കും ഫിറ്റ്നസിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ബാത്ത്റൂമിലേക്കും മറ്റും കൊണ്ടുപോയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്. കൂടാതെ, ഫിറ്റ്നസിൻ്റെ ഭാഗം എന്നുപറഞ്ഞ് കുട്ടിയുടെ നഗ്നഫോട്ടോയും പ്രതി എടുത്തു. തുടർന്ന് വിഷാദരോഗത്തിലായ കുട്ടി 2021-ൽ പരിശീലനം അവസാനിപ്പിക്കുകയും ആത്മഹത്യയ്ക്കും ശ്രമിക്കുകയും ചെയ്തു. കുറേക്കാലം മനോരോഗ വിദഗ്ദ്ധന്റെ ചികിത്സയിലായിരുന്ന കുട്ടി ക്രിക്കറ്റ് ഭാവി തുലയ്ക്കുമെന്ന പ്രതിയുടെ ഭീക്ഷണിയിൽ വിവരങ്ങളൊന്നും പുറത്ത് പറഞ്ഞിരുന്നില്ല.

അതേസമയം, 2024-ൽ തിരുവനന്തപുരത്ത് പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാനെത്തിയ മറ്റൊരു പെൺകുട്ടി മനുവിനെ കണ്ട് ഭയന്ന് നിലവിളിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. നേരത്തെ മനുവിന്റെ പീഡനത്തിന് ഇരയായ ഈ പെൺകുട്ടി വർഷങ്ങൾക്കുശേഷം പ്രതിയെ കണ്ടതോടെ ഭയന്ന് നിലവിളിക്കുകയായിരുന്നു. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെ മറ്റ് കുട്ടികളും പ്രതിക്കെതിരെ കേസ് കൊടുക്കാനുള്ള ധൈര്യം ലഭിച്ച് പരാതിയുമായി മുന്നോട്ട് വന്നത്.

പ്രതി മനുവിനെതിരെ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇതിൽ നാല് കേസുകളിലും ശിക്ഷിച്ചു. ബാക്കി രണ്ട് കേസുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം കിട്ടിയതിന് ശേഷമാകും വിസ്താരം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി. കന്റോൺമെന്റ് പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്പെക്ടർമാരായ ഷെഫിൻ എസ്., നിതിൻ നളൻ എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്.

The Thiruvananthapuram Fast Track Special Court (POCSO) has sentenced a cricket coach to 28 years in prison and a fine of Rs 54,000 in the fourth case for raping a female student who had come for cricket training.

More Stories from this section

family-dental
witywide