
വാഷിംഗ്ടൺ: കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങളെത്തുടർന്ന് അമേരിക്കൻ ഭരണകൂടം നേരിട്ട 76 ദിവസത്തെ ഭാഗിക ഭരണസ്തംഭനം അവസാനിക്കുന്നു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് രാജ്യത്തെ റെക്കോർഡ് ദൈർഘ്യമുള്ള ഈ സ്തംഭനത്തിലേക്ക് നയിച്ചത്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിന് (DHS) അടിയന്തരമായി ഫണ്ട് അനുവദിക്കുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭ വോട്ട് ചെയ്ത് പാസാക്കിയതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്.
കുറ്റവാളികളായ കുടിയേറ്റക്കാരെ കണ്ടെത്തുകയും നാടുകടത്തുകയും ചെയ്യുന്ന ഐ.സി.ഇ, അതിർത്തി സംരക്ഷണ ഏജൻസിയായ സി.ബി.പി എന്നീ ഏജൻസികൾക്ക് ഫണ്ട് നൽകുന്നതിനെച്ചൊല്ലിയാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ കൊമ്പുകോർത്തത്. മിനസോട്ടയിൽ ഫെഡറൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ട വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ, ഈ ഏജൻസികളിൽ പരിഷ്കാരം കൊണ്ടുവരണമെന്നും കർശന മേൽനോട്ടം വേണമെന്നും ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. എന്നാൽ റിപ്പബ്ലിക്കൻമാർ ഇതിനെ എതിർത്തതോടെ ഫെബ്രുവരി 14 മുതൽ രാജ്യം ഭരണസ്തംഭനത്തിലേക്ക് നീങ്ങുകയായിരുന്നു.
76 ദിവസത്തെ സ്തംഭനം അമേരിക്കയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഹോംലാൻഡ് സെക്യൂരിറ്റിക്ക് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയതോടെ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനകൾക്ക് മണിക്കൂറുകളോളം നീണ്ട ക്യൂ അനുഭവപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നത് വലിയ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
വാഷിംഗ്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്സ് അസോസിയേഷൻ ഡിന്നറിനിടെ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് നേരെ നടന്ന വധശ്രമം സുരക്ഷാ ഏജൻസികൾക്ക് ഫണ്ട് അനുവദിക്കാനുള്ള സമ്മർദ്ദം വർധിപ്പിച്ചു. അതുവരെ ബില്ലിനെ എതിർത്തിരുന്ന ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. “യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ ക്യൂ നിൽക്കേണ്ടി വരില്ലെന്നും ഉദ്യോഗസ്ഥർക്ക് ശമ്പളം കൃത്യമായി ലഭിക്കുമെന്നും” ബിൽ പാസാക്കിയ ശേഷം അദ്ദേഹം പ്രതികരിച്ചു.
എന്നാൽ, നിലവിലെ ബില്ലിലൂടെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് തുറന്നെങ്കിലും, തർക്കവിഷയമായ ഐ.സി.ഇ, സി.ബി.പി ഏജൻസികൾക്കുള്ള മുഴുവൻ തുകയും അനുവദിച്ചിട്ടില്ല. ഈ ഏജൻസികൾക്കായി 70 ബില്യൺ ഡോളർ കൂടി അനുവദിക്കുന്ന മറ്റൊരു ബിൽ പരിഗണനയിലാണ്. ഇതിനെച്ചൊല്ലിയുള്ള നിയമപോരാട്ടം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. ജനപ്രതിനിധി സഭ അംഗീകരിച്ച ബിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിടുന്നതോടെ ഔദ്യോഗികമായി നിയമമായി മാറും.
Record government shutdown ends in US; Security Fund approved after 76 days of uncertainty















