കൊല്ലം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് ബോർഡ് എസ്.എഫ്.ഐ പ്രവർത്തകൻ വലിച്ചുകീറി. തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് കൊല്ലം നഗരത്തിൽ എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെ ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. കോടിയേരിയുടെ നാലാം ഓർമദിനത്തോടനുബന്ധിച്ച് രാവിലെ സ്ഥാപിച്ച ഫ്ലെക്സ് ബോർഡാണ് യൂത്ത് കോൺഗ്രസിനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകൻ കീറി മറിച്ചിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനവും സോഷ്യൽ മീഡിയയിൽ പരിഹാസവും ഉയർന്നു.
പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ വ്യക്തിയാണ് ഫ്ലെക്സ് തകർത്തതെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം. ഇയാൾ എസ്.എഫ്.ഐ പ്രവർത്തകനല്ലെന്നും പ്രതിഷേധ പ്രകടനത്തിലേക്ക് എങ്ങനെയെത്തിയെന്ന് പരിശോധിക്കുമെന്നും നിയമപരമായി മുന്നോട്ടു നീങ്ങുമെന്നും എസ്.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ചിന്നക്കടയിലും പരിസരത്തുമുള്ള കോൺഗ്രസിന്റെ ബോർഡുകളും കൊടികളും നശിപ്പിക്കുന്നതിനിടെയാണ് സ്വന്തം നേതാവിന്റെ ചിത്രം മാറിയറിയാതെ പ്രവർത്തകൻ നശിപ്പിച്ചതെന്നാണ് ആരോപണം.
https://www.facebook.com/share/v/1TXjkvE66F
സംഭവത്തിൽ വി.ടി. ബൽറാം എം.എൽ.എ അടക്കമുള്ളവർ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തി. കോടിയേരി ബാലകൃഷ്ണനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് എസ്.എഫ്.ഐക്കാരെന്നും ഓപ്പറേഷൻ തൂഫാൻ ഒന്നുകൂടി ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും വി.ടി. ബൽറാം സോഷ്യൽ മീഡിയയിൽ കുറിച്ചു.
SFI Worker Tars Kodiyeri Balakrishnan’s Flex Board; VT Balram Takes a Jibe









