
അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ സജീവമാകുമ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് നിർണ്ണായക നിലപാട് വ്യക്തമാക്കി ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും മുന്നിലാണ് പാർട്ടി തങ്ങളുടെ അഭിപ്രായം അറിയിച്ചത്. നിലവിലെ സിറ്റിംഗ് എംഎൽഎമാരിൽ ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്നതാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്ന് നേതൃത്വം വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കി ഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതാണ് ഉചിതമെന്ന് പി ജെ ജോസഫ് നിരീക്ഷകർക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊതുവികാരവും രാഷ്ട്രീയ സാഹചര്യവും മാനിച്ചുള്ള തീരുമാനമാണ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ച എംഎൽഎമാരിൽ ഒരാളെത്തന്നെ ഭരണത്തലവനായി നിശ്ചയിക്കുന്നതാണ് ജനാധിപത്യപരമായ ശൈലിയെന്നും ജോസഫ് വിഭാഗം നേതാക്കൾ വിശദീകരിച്ചു.
ഹൈക്കമാൻഡിനുള്ള ഈ സന്ദേശം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള കെ സി വേണുഗോപാൽ പക്ഷത്തിന് വലിയ തിരിച്ചടിയാണ് ജോസഫ് ഗ്രൂപ്പിന്റെ ഈ നിലപാട്. മുസ്ലിം ലീഗിന് പിന്നാലെ ജോസഫ് ഗ്രൂപ്പും സിറ്റിംഗ് എംഎൽഎ എന്ന നിലപാടിൽ ഉറച്ചുനിന്നതോടെ മുഖ്യമന്ത്രി ചർച്ചകളിൽ വി ഡി സതീശൻ പക്ഷത്തിന് കൂടുതൽ കരുത്ത് ലഭിച്ചിരിക്കുകയാണ്.
Sitting MLA should be CM; Joseph group clarifies stance to AICC observers, poses challenge to KC Venugopal’s prospects












