മുഖ്യമന്ത്രിയായിട്ടും സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല, വിജയ് സൂപ്പറെന്ന് നടൻ ശിവകാര്‍ത്തികേയന്‍; അഭിമാനം തോന്നുവെന്നും പ്രതികരണം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍. ചലച്ചിത്ര രംഗത്തുനിന്ന് ഒരാള്‍ സംസ്ഥാനത്തിന്റെ പരമോന്നത രാഷ്ട്രീയ പദവിയിലെത്തിയത് ഏറെ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘സേയോന്‍’ സിനിമയുടെ പൂജ ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവ കാര്‍ത്തികേയന്‍. മെയ് 10നാണ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

തന്‍റെ സഹപ്രവര്‍ത്തകനായ വിജയ് മുഖ്യമന്ത്രിയായതില്‍ വലിയ സന്തോഷമുണ്ടെന്ന് ശിവ കാര്‍ത്തികേയന്‍ പറഞ്ഞു. സിനിമാ മേഖലയിലെ ഒരാള്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിജയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും, ഇത്ര വലിയ രാഷ്ട്രീയ വിജയം നേടിയിട്ടും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നുമാണ് ശിവ കാര്‍ത്തികേയന്റെ വിലയിരുത്തല്‍. മുന്‍പുണ്ടായിരുന്നതുപോലെ തന്നെ ശാന്തമായും സൗമ്യമായും വിജയ് സംസാരിച്ചുവെന്നും, തന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

“വിജയ് അന്നും ഇന്നും ഒരുപോലെയാണ്,” എന്നും പുതിയ രാഷ്ട്രീയ ചുമതല അദ്ദേഹം മികച്ച രീതിയില്‍ നിര്‍വഹിക്കുമെന്ന ആത്മവിശ്വാസവും ശിവ കാര്‍ത്തികേയന്‍ പ്രകടിപ്പിച്ചു. “അദ്ദേഹം ഏത് കാര്യവും ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ചെയ്യാറുണ്ട്. ഈ ഉത്തരവാദിത്തവും അതുപോലെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നു,” എന്നാണ് ശിവ കാര്‍ത്തികേയന്റെ പ്രതികരണം.

വിജയ് നായകനായ ‘ദ ഗോട്ട്’ എന്ന ചിത്രത്തില്‍ ശിവ കാര്‍ത്തികേയന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിലെ ഒരു രംഗത്തില്‍ വിജയ് തന്റെ കഥാപാത്രത്തിന്റെ തോക്ക് ശിവ കാര്‍ത്തികേയന് കൈമാറുന്നതാണ് ഏറെ ചര്‍ച്ചയായത്. സിനിമയിലെ വിജയിയുടെ പിന്‍ഗാമിയായി ശിവ കാര്‍ത്തികേയനെ അവതരിപ്പിക്കുന്ന പ്രതീകാത്മക രംഗമാണിതെന്നായിരുന്നു അന്നത്തെ ചര്‍ച്ചകള്‍. എന്നാല്‍ വിജയിന് പകരക്കാരനായി ആരെയും കാണാനാകില്ലെന്നായിരുന്നു പിന്നീട് ശിവ കാര്‍ത്തികേയന്‍റെ പ്രതികരണം.

More Stories from this section

family-dental
witywide