ദക്ഷിണേന്ത്യൻ സീറ്റുകൾ കുറയില്ല, കേരളത്തിൽ 30 എംപിമാർ, തമിഴ്നാടിന് 59; ലോക്സഭയിൽ ഉറപ്പ് നൽകി അമിത് ഷാ

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടമാകുമെന്ന പ്രതിപക്ഷ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയില്ലെന്നും മറിച്ച് എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ എംപിമാരുടെ എണ്ണം 129-ൽ നിന്ന് 195 ആയി ഉയരുമെന്നും ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഇതിൽ ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജനത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകളും അമിത് ഷാ സഭയിൽ വിശദീകരിച്ചു. മണ്ഡല പുനർനിർണയം പൂർത്തിയാകുമ്പോൾ കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20-ൽ നിന്ന് 30 ആയി ഉയരും. തമിഴ്‌നാട്ടിൽ ഇത് 39-ൽ നിന്ന് 59 ആയും കർണാടകയിൽ 28-ൽ നിന്ന് 42 ആയും വർദ്ധിക്കും. ദക്ഷിണേന്ത്യയുടെ ആകെ പ്രാതിനിധ്യ അനുപാതം നിലവിലെ 23.76 ശതമാനത്തിൽ നിന്ന് 23.87 ശതമാനമായി ഉയരുമെന്നും കേരളത്തിന്റെ അനുപാതത്തിൽ 3.68-ൽ നിന്ന് 3.67 എന്ന നേരിയ മാറ്റം മാത്രമേ വരൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുപിഎ സർക്കാരിന്റെ കാലത്ത് പാസാക്കിയ ചട്ടങ്ങൾ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നും പ്രതിപക്ഷം വസ്തുതകൾ പഠിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്ത് ഉടൻ തന്നെ ജാതി സെൻസസ് നടപ്പിലാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് നാളെ സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഷാ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശക്തമായി തന്നെ തുടരുമെന്ന് ആവർത്തിച്ചു.

South Indian states to see 50% seat hike in delimitation; Kerala to have 30 Lok Sabha seats, confirms Amit Shah

More Stories from this section

family-dental
witywide