ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനം ഇന്ന് മുതൽ; വനിതാ സംവരണ ബിൽ സഭയിൽ എത്തും

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമായേക്കാവുന്ന സുപ്രധാന നിയമനിർമ്മാണങ്ങൾക്കായി പാർലമെൻ്റിൻ്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രത്യേക സമ്മേളനത്തിൽ മൂന്ന് പ്രധാന ഭേദഗതി ബില്ലുകളാണ് സർക്കാർ കൊണ്ടുവരുന്നത്: 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ഡിലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയ) ബിൽ, കേന്ദ്രഭരണ പ്രദേശ ഭേദഗതി ബിൽ- എന്നിവയാണത്.

2029-ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്ത്രീകൾക്ക് നിയമനിർമ്മാണ സഭകളിൽ കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുന്ന ഭേദഗതി ബില്ലാണ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുന്നത്. വർഷങ്ങളായി ചർച്ചകളിൽ തുടരുന്ന വനിതാ സംവരണം നിയമമാകുന്നതോടെ ഇന്ത്യൻ പാർലമെൻ്ററി ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാകും തുടക്കമിടുക. ബിൽ പാസായാൽ ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് (33%) സീറ്റുകൾ വനിതകൾക്കായി നീക്കിവെക്കും. സഭയുടെ അംഗബലം കൂടുന്നതോടെ വനിതാ അംഗങ്ങളുടെ എണ്ണം 284 വരെയായി ഉയരും. റോട്ടേഷൻ വ്യവസ്ഥയിൽ നടപ്പിലാക്കുന്ന സംവരണം ആദ്യഘട്ടത്തിൽ 15 വർഷത്തേക്കായിരിക്കും. ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.

വനിതാ സംവരണത്തോടൊപ്പം തന്നെ സഭയിൽ എത്തുന്ന മണ്ഡല പുനർനിർണ്ണയ ബില്ലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർക്രമീകരിക്കുന്നത് വിവിധ സംസ്ഥാനങ്ങളുടെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താൻ കാരണമാകും. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭയുടെ അംഗബലം നിലവിലെ 543-ൽ നിന്ന് 850 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ബില്ല് പാസാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ 815 സീറ്റുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും. ജനസംഖ്യാ വർധനവിന് ആനുപാതികമായി മണ്ഡല അതിർത്തികൾ പുനർനിർണ്ണയിക്കുന്ന ഈ നടപടി 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും നടപ്പിലാക്കുക.

ഈ സമ്മേളനം സർക്കാർ അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത്. സഭയിൽ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കാനും ബില്ലുകൾ തടസ്സമില്ലാതെ പാസാക്കാനുമായി ഭരണകക്ഷി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ സുപ്രധാന ബില്ലുകൾ നിയമമാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സമ്മേളനം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കം കൂടിയായി വിലയിരുത്തപ്പെടുന്നു.

അതേസമയം സർക്കാർ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. മണ്ഡല പുനർനിർണ്ണയം വഴി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ബി.ജെ.പിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ ആരോപിച്ചു. വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിലവിലെ 543 സീറ്റുകളിൽ തന്നെ അത് നടപ്പാക്കണമെന്നും2026-ന് ശേഷമുള്ള സെൻസസിനായി കാത്തുനിൽക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെൻസസ് നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ മണ്ഡല പുനർനിർണ്ണയം വേഗത്തിലാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കാനാണ് സർക്കാരിൻ്റെ നീക്കം.

Special Parliament session to focus on national politics begins today

More Stories from this section

family-dental
witywide