
ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ (നാരി ശക്തി വന്ദൻ അധിനിയം) ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത പാർലമെൻ്റിൻ്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് തുടക്കം. സമ്മേളനത്തിൻ്റെ ആദ്യ ദിവസം തന്നെ കേന്ദ്രസർക്കാർ ബിൽ സഭയിൽ അവതരിപ്പിച്ചെങ്കിലും, പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധത്തിനാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്. ബില്ലിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ.
ലോക്സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കേന്ദ്രസർക്കാരിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. ബില്ലിൻ്റെ ലക്ഷ്യത്തെ തത്വത്തിൽ പിന്തുണയ്ക്കുമ്പോഴും, അത് നടപ്പിലാക്കുന്നതിനായി കേന്ദ്രം മുന്നോട്ടുവെച്ചിട്ടുള്ള മണ്ഡല പുനർനിർണയ, സെൻസസ് നിബന്ധനകളെ അദ്ദേഹം എതിർത്തു. “സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുക എന്നതിലുപരി, രാഷ്ട്രീയമായ ലാഭത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. മണ്ഡല പുനർനിർണയവുമായും സെൻസസുമായും ഈ ബില്ലിനെ ബന്ധിപ്പിക്കുന്നത് സംവരണം അനിശ്ചിതമായി നീണ്ടുപോകാൻ മാത്രമേ സഹായിക്കൂ. നിലവിലെ സാഹചര്യത്തിൽ തന്നെ ബിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.”
അതിനിടെ വനിതാ സംവരണ ബിൽ അവതരിപ്പിക്കാന്‍ വോട്ടെടുപ്പിൽ അനുമതി ലഭിച്ചു. 251 പേർ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്ത് വോട്ടു ചെയ്തു. 131ാം ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാനും അനുമതി. 126 പേർ എതിർത്ത് വോട്ടു ചെയ്തു. 207 പേർ അനുകൂലിച്ചു. വനിതാ സംവരണ ഭേദഗതി ബിൽ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിൽ നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും.
ബില്ലിലെ നിബന്ധനകളിൽ മാറ്റം വരുത്താതെ പിന്തുണ നൽകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. സംവരണം നടപ്പിലാക്കുന്നതിന് മുൻപ് മണ്ഡല പുനർനിർണയം വേണമെന്ന വ്യവസ്ഥ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പുതിയ വ്യവസ്ഥകൾ പ്രകാരം 2029-ലോ അതിനുശേഷമോ മാത്രമേ സംവരണം നിലവിൽ വരൂ എന്ന ആശങ്കയും സഭയിൽ ഉയർന്നു. മണ്ഡല പുനർനിർണയത്തിനു വേണ്ടിയാണു വനിതാ സംവരണം കൊണ്ടുവരുന്നതെന്നും ആ രീതിയെയാണ് എതിർക്കുന്നതെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ബിൽ ഫെഡറലിസത്തിനു നേരെയുള്ള ആക്രമണമെന്ന് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു. ബിൽ വനിതാ സംവരണത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് മുസ്‌ലിം സംവരണം ഇല്ലാതാക്കാൻ വേണ്ടിയുള്ളതും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകി പാർലമെന്ററി ജനാധിപത്യം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
അതേസമയം, ബില്ലിലെ സാങ്കേതിക പ്രശ്നമാണ് ഇപ്പോൾ സംസാരിക്കേണ്ടതെന്നും സഭാചട്ടങ്ങൾ പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. ബില്ലിൻ്റെ മെറിറ്റിനെക്കുറിച്ച് അതു ചർച്ചാവേളയിലാണു സംസാരിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു. വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾക്കു മുൻപ് ജാതി സെൻസസ് പൂർത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടപ്പോൾ അതിനുള്ള തീരുമാനം നേരത്തേ എടുത്തു കഴിഞ്ഞെന്നും അമിത് ഷാ മറുപടി നൽകി.
വനിതാ സംവരണം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ നിന്ന് പരമാവധി 850 ആയി ഉയർത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനങ്ങളിൽ നിന്ന് 815 അംഗങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 അംഗങ്ങളും ഉണ്ടാകും. ലോക്സഭയിലെ 33% സംവരണം പ്രകാരം ഏകദേശം 273 സീറ്റുകൾ സ്ത്രീകൾക്കായി നീക്കിവയ്ക്കും. പുതിയ സെൻസസ് (2027-ൽ പ്ലാൻ ചെയ്തത്) പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ, 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തി 2029-ൽ തന്നെ സംവരണം പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോക്സഭയ്ക്ക് പുറമെ സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ സഭകളിലും സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിലുള്ള പുരുഷ ജനപ്രതിനിധികളുടെ സീറ്റുകൾ കുറയ്ക്കാതെ തന്നെ വനിതകൾക്ക് ആവശ്യമായ 33% സീറ്റുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സീറ്റ് വർദ്ധനവ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
Women’s Reservation Bill in Parliament Session















