
വർക്കല: നാരായണ ഗുരുകുലം അധ്യക്ഷനും വിശ്വപ്രസിദ്ധ ദാർശനികനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
ശ്രീനാരായണ ഗുരുവിൻ്റെയും നടരാജഗുരുവിൻ്റെയും നിത്യചൈതന്യയതിയുടെയും ദർശനങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. 1999-ൽ നിത്യചൈതന്യയതിയുടെ സമാധിക്കുശേഷമാണ് അദ്ദേഹം നാരായണ ഗുരുകുലത്തിൻ്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.
2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഉപനിഷത്തുകൾക്കും ഭഗവദ്ഗീതയ്ക്കും ലളിതമായ ഭാഷ്യങ്ങൾ രചിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവാണ്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1938 ഡിസംബർ 9-ന് തിരുവനന്തപുരം നഗരൂരിൽ ജി. മാധവൻ്റെയും നാരായണിയുടെയും മകനായി ജനിച്ച അദ്ദേഹം എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് ആത്മീയതയോടുള്ള താല്പര്യം വർക്കല നാരായണ ഗുരുകുലത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. 1968-ൽ സർക്കാർ ജോലി രാജിവെച്ച് പൂർണ്ണമായും ഗുരുദേവ ദർശനങ്ങളുടെ പ്രചാരകനായി മാറി. 1967-ൽ നടരാജഗുരുവിൽ നിന്ന് ബ്രഹ്മചാരി ദീക്ഷയും, 1985-ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസ ദീക്ഷയും സ്വീകരിച്ചു. നിത്യചൈതന്യയതിയുടെ സമാധിയെത്തുടർന്ന് 1999-ലാണ് അദ്ദേഹം നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. 1987-ൽ മോസ്കോയിൽ നടന്ന ലോകമത വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. ഫിജിയിലെ നാരായണ ഗുരുകുലത്തിന്റെ അധിപനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ആത്മീയ ചരിത്രത്തിലെ നാഴികക്കല്ലായ 1976-ലെ ശാസ്താംകോട്ട ലോകമത സമ്മേളനത്തിൻ്റെ മുഖ്യ സംഘാടകനും അദ്ദേഹമായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി തൊണ്ണൂറോളം ഗ്രന്ഥങ്ങൾ മുനി നാരായണ പ്രസാദ് രചിച്ചിട്ടുണ്ട്. ഗ്രീക്ക് ചിന്തകർ, ന്യായദർശനം, വേദാന്തം – നാരായണഗുരു വരെ, ഹിന്ദുമതത്തിലെ ശാസ്ത്ര വീക്ഷണം, പൂർണ്ണ ജനനം തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന കൃതികളാണ്. തത്വചിന്തയെ സാധാരണക്കാർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ രചനാശൈലിയുടെ പ്രത്യേകത.
മൃതദേഹം വർക്കലയിലെ നാരായണ ഗുരുകുലത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം പിന്നീട് നടക്കും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു.
Sree Narayana Gurukulam President Padmashri Muni Narayana Prasad passes away















