പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; കാവേരിയിലെ മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നൽകരുതെന്ന് വിജയ്

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ്‌യുടെ ആദ്യ ഡൽഹി സന്ദർശനത്തിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കർണാടക കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു ബാലൻസിങ് റിസർവോയർ പദ്ധതിക്ക് അനുമതി നൽകരുതെന്ന് വിജയ് ആവശ്യപ്പെട്ടു.

തമിഴ്നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ഈ പദ്ധതി ബാധിക്കുമെന്നും കാവേരി ട്രിബ്യൂണൽ ചട്ടക്കൂടിന് കീഴിലുള്ള സംസ്ഥാനത്തിന്റെ ജലാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൂടാതെ, നരേന്ദ്ര മോദിക്ക് മുന്നിൽ സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനവും വിജയ് സമർപ്പിച്ചു. വിവിധ ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ അദ്ദേഹം തേടി. അതേസമയം, നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ കേന്ദ്ര സഹായവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

നഗര അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകണമെന്നും വിജയ് ആവശ്യപ്പെട്ടു. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രിയെ കൂടാതെ, വിവിധ സംസ്ഥാന പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ തേടുന്നതിനായി ധനമന്ത്രി നിർമല സീതാരാമനെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും സന്ദർശിക്കും. രാഷ്ട്രീയ കൂടിയാലോചനകളുടെ ഭാഗമായി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Tamil Nadu Chief Minister Vijay meets Prime Minister Narendra Modi; Vijay urges not to give permission for Mekedatu Balancing Reservoir project in Cauvery

More Stories from this section

family-dental
witywide