തമിഴ്നാട് സ്പീക്കർ സ്ഥാനത്തേക്കും വിജയ്ന്‍റെ മാസ് നീക്കം, ജെസിഡി പ്രഭാകറിനെ സ്ഥാനാർഥിയാക്കി; ഡെപ്യൂട്ടി സ്പീക്കറാകാൻ എം രവിശങ്കറിനെ ഇറക്കി

തമിഴ്‌നാട് നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ജെ.സി.ഡി പ്രഭാകറിനെ ഭരണകക്ഷിയായ ടിവികെ നാമനിർദ്ദേശം ചെയ്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നിയമസഭാ സെക്രട്ടറിക്ക് പത്രിക കൈമാറി. നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള പ്രഭാകറിനെ സ്പീക്കർ സ്ഥാനത്തേക്ക് ഉയർത്തുന്നതിലൂടെ സഭാ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാമെന്നാണ് മുഖ്യമന്ത്രി വിജയ്‌യുടെ കണക്കുകൂട്ടൽ. 1980-ൽ തന്റെ 28-ാം വയസ്സിൽ എംഎൽഎയായി സഭയിലെത്തിയ പ്രഭാകർ, മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന്റെ വിശ്വസ്തനായിരുന്നു.

തുറയൂർ എംഎൽഎ എം. രവിശങ്കറാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥി. പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിൻ എത്തുന്ന പുതിയ സാഹചര്യത്തിൽ സഭയെ നിയന്ത്രിക്കാൻ പരിചയസമ്പന്നരായ നേതാക്കൾ വേണമെന്ന രാഷ്ട്രീയ തന്ത്രമാണ് വിജയ് ഇവിടെ പയറ്റുന്നത്. എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന പ്രഭാകർ ഇത്തവണ ഡിഎംകെയുടെ എഴിലൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. പാർട്ടിക്കുള്ളിലെ മുതിർന്ന മുഖമായ അദ്ദേഹം സ്പീക്കർ സ്ഥാനത്തേക്ക് വരുന്നത് ഭരണപക്ഷത്തിന് കൂടുതൽ കരുത്തുപകരും.

വിജയ് സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. മുതിർന്ന നേതാക്കളെ പ്രധാന പദവികളിൽ അവരോധിക്കുന്നതിലൂടെ സഭയ്ക്കുള്ളിലെ രാഷ്ട്രീയ പോരാട്ടങ്ങളെ സമർത്ഥമായി നേരിടാനാണ് ടിവികെ ലക്ഷ്യമിടുന്നത്. പ്രഭാകറിന്റെയും രവിശങ്കറിന്റെയും സ്ഥാനാർത്ഥിത്വത്തിലൂടെ പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിക്കാൻ കഴിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഉടൻ തന്നെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഇരുവരും ഔദ്യോഗികമായി സ്ഥാനമേൽക്കും.

TN Speaker Election: TVK names veteran leader JCD Prabhakar as candidate; M Ravishankar for Deputy Speaker

More Stories from this section

family-dental
witywide