
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിൻ്റെ നിർണായക യോഗത്തിലേക്ക് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെ.യ്ക്ക് (തമിഴക വെട്രി കഴകം) ക്ഷണമില്ല. തമിഴ്‌നാട്ടിൽ കോൺഗ്രസുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുകയും വൻ വിജയം നേടുകയും ചെയ്ത വിജയിൻ്റെ പാർട്ടിയെ ഡൽഹിയിൽ നടക്കുന്ന യോഗത്തിലേക്ക് എന്തുകൊണ്ട് ക്ഷണിച്ചില്ല എന്നതിന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി വിശദീകരണം നൽകി. നിലവിൽ പാർലമെൻ്റിൽ പ്രതിനിധികളില്ലാത്ത (എം.പിമാരില്ലാത്ത) പാർട്ടികളെ യോഗത്തിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് സഖ്യത്തിൻ്റെ തീരുമാനമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ, പ്രതിപക്ഷ ഐക്യം ദൃഢമാക്കാനും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനുമായി 23 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ഒത്തുകൂടുന്നത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം വീഡിയോ കോൺഫറൻസിങ് വഴി യോഗത്തിൻ്റെ ഭാഗമാകും.
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസുമായുള്ള ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി, തമിഴ്‌നാട്ടിൽ നിന്നുള്ള തങ്ങളുടെ ഏക രാജ്യസഭാ സീറ്റ് കോൺഗ്രസിനായി ടി.വി.കെ വിട്ടുനൽകിയിരുന്നു. എന്നിട്ടും ദേശീയതലത്തിലെ ഈ പ്രധാന യോഗത്തിൽ നിന്ന് പാർട്ടി ഒഴിവാക്കപ്പെട്ടത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
അതേസമയം, കോൺഗ്രസിൻ്റെ തമിഴ്‌നാട്ടിലെ മുൻ സഖ്യകക്ഷിയായ ഡി.എം.കെ യോഗം പൂർണ്ണമായി ബഹിഷ്കരിക്കാൻ തീരുമാനിച്ചു. തമിഴ്‌നാട്ടിൽ തങ്ങളെ ഒപ്പം നിർത്താതെ കോൺഗ്രസ് വിജയിൻ്റെ ടി.വി.കെയുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചത് വഞ്ചനയാണെന്ന് ഡി.എം.കെ ആരോപിച്ചു. കോൺഗ്രസ് തങ്ങളെ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നും, ഇനി ഭാവിയിൽ ‘ഇന്ത്യ’ സഖ്യത്തിൻ്റെ ഒരു യോഗത്തിലും പങ്കെടുക്കില്ലെന്നും ഡി.എം.കെ നേതൃത്വം വ്യക്തമാക്കി.
ഡി.എം.കെയുടെ യോഗ ബഹിഷ്കരണത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ വാക്പോര് ഉടലെടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആർ.എസ്.എസുമായി രഹസ്യ ധാരണയിലാണെന്നും ബി.ജെ.പി മന്ത്രിസഭയിൽ സ്ഥാനങ്ങൾ വിലപേശുകയാണെന്നും മധുര സെൻട്രലിൽ നിന്നുള്ള ടി.വി.കെ എം.എൽ.എ വി.എം.എസ്. മുസ്തഫ ആരോപിച്ചു. ഡി.എം.കെ ആർ.എസ്.എസിൻ്റെ കയ്യിലെ പാവയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ ആരോപണങ്ങളെ ബി.ജെ.പി പൂർണ്ണമായി തള്ളി. ‘ഇന്ത്യ’ സഖ്യം തകർച്ചയുടെ വക്കിലാണെന്നും ജനങ്ങളെ പറ്റിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാവ് വിനോജ് പി. ശെൽവം പറഞ്ഞു. ടി.വി.കെ ഇപ്പോഴും ഡി.എം.കെയുടെ തണലിലാണ് കഴിയുന്നതെന്നും അതുകൊണ്ട് തന്നെ അതിനെ ‘ഡി.എം.കെ 2.0’ എന്നാണ് ജനങ്ങൾ വിളിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
TVK is out from the ‘India’ alliance meeting held in Delhi; Congress explained the reason















