ആരോഗ്യ മേഖലയിൽ വൻമാറ്റങ്ങളുമായി യുഎഇ; നഴ്‌സിങ് മേഖലയിലും സ്വദേശിവൽക്കരണം, മലയാളികളുൾപ്പെടെ പ്രവാസികൾക്ക് തിരിച്ചടി

മലയാളികളുൾപ്പെടെ പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ ആരോഗ്യ മേഖലയിലെ മാറ്റങ്ങൾ. ദുബായ് നഴ്സസിങ് മേഖലയിൽ കൂടുതൽ സ്വദേശി നിയമനങ്ങൾക്ക് ഒരുങ്ങുകയാണ് യുഎഇ. മേഖലയിൽ കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചും തൊഴിൽ കൂടുതൽ ആകർഷകമാക്കി കൂടുതൽ ആളുകളെ എത്തിക്കാനാണ് ശ്രമിക്കുന്നത്. 1897 സ്വദേശികളെയാണ്രണ്ട് വർഷത്തിനുളളിൽ യുഎഇ നഴ്‌സിങ് ജോലിയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

മൊത്തം നഴ്‌സുമാരിൽ സ്വദേശികളുടെ എണ്ണം 2.8 ശതമാനമാണ് യുഎഇയിൽ. കൂടുതൽ ആളുകളെ ആകർഷിക്കാൻ മുൻപ് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും സ്വദേശിവൽക്കരണ ലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രചാരണ പരിപാടികളിലേക്കു മന്ത്രാലയം കടക്കുന്നത്. നിലവിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ 2500 സ്വദേശി നഴ്സ‌ിങ് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ആൺകുട്ടികൾ ഈ മേഖലയിൽ സേവനം ചെയ്യാൻ കടന്നു വരുന്നതും പ്രതീക്ഷയോടെയാണ് മന്ത്രാലയം കാണുന്നത്. തുടക്കത്തിൽ രണ്ട് ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന നഴ്സിങ് ക്ലാസുകളിൽ ഇപ്പോൾ 300 ആൺകുട്ടികൾ പഠിക്കുന്നുണ്ട്. സംയോജിത സംരംഭങ്ങളിലൂടെ ഇവരുടെ എണ്ണം കൂട്ടാനാണ് നീക്കം.

കൂടുതൽ സ്വദേശികളെ രംഗത്തേക്ക് കൊണ്ടുവരാൻ തൊഴിൽ പരിശീലനവും നിയമനവും നൽകുന്ന സർക്കാർ സംവിധാനമായ നാഫിസുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതികൾ ആവിഷ്കരിക്കുക. ദേശീയ തലത്തിൽ നാഫിസ്, അക്കാദമിക്, ആരോഗ്യ സ്ഥാപനങ്ങൾ, എമിറേറ്റ്‌സ് നഴ്സ‌ിങ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വിദേശികളായ നഴ്സിങ്, മിഡ്‌വൈഫറി പ്രഫഷനൽ എണ്ണം നിയന്ത്രിക്കുന്നതിനും ആലോചിക്കുന്നുണ്ട്. ഇതോടെ കിടക്കകളുടെയും രോഗികളുടെയും എണ്ണത്തിന് അനുസരിച്ചു നഴ്സിങ് സ്റ്റാഫിനെ നിശ്ചയിക്കാനുള്ള ദേശീയ മാനദണ്ഡങ്ങൾ നിലവിൽ വരും. രാജ്യാന്തര നിയമങ്ങൾ അനുസരിച്ചു നഴ്സ‌ിങ്, മിഡ്‌വൈഫറി വിഭാഗങ്ങളിലെ പ്രഫഷനലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ഏകീകൃത മാനദണ്ഡങ്ങൾ കൊണ്ടുവരാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

UAE makes major changes in health sector; Indigenization in nursing sector too, setback for expatriates including Malayalis

More Stories from this section

family-dental
witywide