വന്ദേമാതരം ആലപിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ദേശീയഗീതമായ ‘വന്ദേ മാതരം’ ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യേണ്ട അവസരങ്ങളെക്കുറിച്ചും ചെയ്യാവുന്ന അവസരങ്ങളെക്കുറിച്ചും വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA). ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ പുതിയ മാർഗ്ഗരേഖകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി അവസാനിക്കും. പുതിയ മാർഗരേഖ പ്രകാരം, ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം ആദ്യം ആലപിക്കണം. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിക്കണമെന്നാണ് പറയുന്നത്.

ജൂലൈ 9-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, സിവിൽ ഇൻവെസ്റ്റിച്ചർ ചടങ്ങുകൾ, രാഷ്ട്രപതി ഔപചാരിക സർക്കാർ ചടങ്ങുകളിലെത്തുമ്പോഴും മടങ്ങിപ്പോകുമ്പോഴും, കൂടാതെ രാഷ്ട്രപതി ആകാശവാണിയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും ‘വന്ദേ മാതരം’ ആലപിക്കണം. സംസ്ഥാന ഗവർണർമാരും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരും ഔപചാരിക സർക്കാർ ചടങ്ങുകളിലെത്തുമ്പോഴും മടങ്ങിപ്പോകുമ്പോഴും, ദേശീയപതാക പരേഡിലേക്ക് കൊണ്ടുവരുന്ന അവസരങ്ങളിലും ദേശീയഗീതം അവതരിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ദേശീയഗാനവും ദേശീയഗീതവും ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുമ്പോൾ അവയുടെ ഔദ്യോഗിക വരികളും ശരിയായ ഉച്ചാരണവും കർശനമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വരികളും ഉച്ചാരണ മാർഗനിർദേശവും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചു. കേന്ദ്രസർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്ന മറ്റ് അവസരങ്ങളിലും ‘വന്ദേ മാതരം’ അവതരിപ്പിക്കാമെന്നും ഉത്തരവിൽ പറയുന്നു.

ചില സംസ്ഥാനങ്ങളിൽ സംസ്ഥാനഗീതം ദേശീയഗാനത്തിന്റെയോ ദേശീയഗീതത്തിന്റെയോ കൂടെ ആലപിക്കുന്ന പതിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രാലയം, അത്തരം സാഹചര്യങ്ങളിൽ ആദ്യം ‘വന്ദേ മാതരം’ ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്ത ശേഷം ‘ജന ഗണ മന’ ആലപിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ജനുവരി 28-ന് പുറത്തിറക്കിയ ഉത്തരവിൽ, രാഷ്ട്രപതിയുടെ വരവ്, ദേശീയപതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗം തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ ഏകദേശം മൂന്ന് മിനിറ്റ് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ‘വന്ദേ മാതരം’യുടെ ഔദ്യോഗിക പതിപ്പ് ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു.

ദേശീയഗാനം ആലപിക്കുമ്പോൾ സന്നിഹിതരായ എല്ലാവരും ശ്രദ്ധാ നിലയിൽ (Attention) നിൽക്കണമെന്നും ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ‘വന്ദേ മാതരം’ രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികമാണ് കേന്ദ്രസർക്കാർ ഇത്തവണ ആചരിക്കുന്നത്. ദേശീയഗീതം ആലപിക്കാവുന്ന എല്ലാ അവസരങ്ങളും പട്ടികപ്പെടുത്തുക പ്രായോഗികമല്ലെന്നും, എന്നാൽ മാതൃഭൂമിയോടുള്ള ആദരസൂചകമായി ആവശ്യമായ മാന്യതയും ചടങ്ങിന്റെ ഗൗരവവും പാലിച്ച് കൂട്ടായ്മയായി ആലപിക്കുന്നതിന് എതിർപ്പില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Union Home Ministry issues new guidelines for singing Vande Mataram.

More Stories from this section

family-dental
witywide