
ന്യൂഡൽഹി: ഭാരതത്തിൻ്റെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപ്രധാനമായ തീരുമാനമെടുത്തത്. വന്ദേമാതരം രചിക്കപ്പെട്ടതിൻ്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ നടപടി.
പുതിയ തീരുമാനപ്രകാരം ദേശീയഗാനത്തിന് നിലവിലുള്ള അതേ നിയമപരിരക്ഷയും പ്രോട്ടോക്കോളും ഇനി മുതൽ വന്ദേമാതരത്തിനും ലഭിക്കും. ഇതിനായി ‘ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ’ (Prevention of Insults to National Honour Act) ആവശ്യമായ ഭേദഗതികൾ സർക്കാർ കൊണ്ടുവരും. വന്ദേമാതരത്തെ അപമാനിക്കുന്നതോ ആലപിക്കുന്നത് തടയുന്നതോ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമായി മാറും.
ആലാപന രീതിയിലും സർക്കാർ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി ആലപിക്കാറുള്ളത്. എന്നാൽ ഇനി മുതൽ ആറ് ചരണങ്ങളും പൂർണ്ണരൂപത്തിൽ ആലപിക്കണം. സർക്കാർ ചടങ്ങുകളിലും വിദ്യാലയങ്ങളിലും ദേശീയഗാനം ആലപിക്കുന്നതിന് തൊട്ടുമുൻപായി വന്ദേമാതരം ആലപിക്കണമെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വന്ദേമാതരം പാടുമ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കേണ്ടത് നിർബന്ധമാണ്.
ബങ്കിം ചന്ദ്ര ചട്ടോപാധ്യായ രചിച്ച വന്ദേമാതരം ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഗാനമാണ്. ദേശീയഗാനവും ദേശീയഗീതവും തുല്യമാണെന്ന് ഭരണഘടനാ നിർമ്മാണ സഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്ര പ്രസാദ് 1950-ൽ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും, ഇപ്പോഴത്തെ തീരുമാനത്തോടെ ഇതിന് വ്യക്തമായ നിയമസാധുത കൈവന്നിരിക്കുകയാണ്. വന്ദേമാതരത്തോടുള്ള ആദരവ് രാജ്യത്തിൻ്റെ അഖണ്ഡതയെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് കേന്ദ്ര സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ നടന്ന ചർച്ചയിലും വന്ദേമാതരത്തിന് തുല്യ പദവി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ ഭേദഗതി ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. പശ്ചിമ ബംഗാൾ, അസം തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
Vande Mataram to be accorded same status as national anthem















